കൊച്ചി: എറണാകുളം വികസനസമിതിയുടെ നേതൃത്വത്തിൽ ഇന്നുരാവിലെ നഗരസഭാ ആസ്ഥാന മന്ദിരത്തിന് മുന്നിൽ നടക്കുന്ന പ്രതിഷേധസമരം കൗൺസിലർ സുധ ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 20 വർഷത്തെ നഗരസഭാ ദുർഭരണത്തിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടുവാനാണ് പ്രതിഷേധം.12.70 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടം 2007 ന് പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. 14 കോടിയോളം രൂപ ഇതുവരെ ചെലവഴിച്ചു. ആദ്യ എസ്റ്റിമേറ്റിനെക്കാൾ 100 ശതമാനം അധിക തുക മുടക്കിയിട്ടും കെട്ടിടത്തിന്റെ 60 ശതമാനം പണി പോലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ശരിയായ എസ്റ്റിമേറ്റ് തയ്യാറാക്കാതെ പണി ആരംഭിച്ചതും കോർപ്പറേഷന്റെ ആസൂത്രണത്തിലെ പാളിച്ചകളുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. വൈദ്യുതീകരണം, പ്ലംബിംഗ്, ഇന്റീരിയർ, ഫർണിഷിംഗ് എന്നിവയ്ക്ക് അധികതുക മുടക്കേണ്ടിവരുമെന്ന് സുധ ദിലീപ്കുമാർ പറഞ്ഞു.