പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിലെ അരികുചിറ പ്രദേശത്തുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു. പഞ്ചായത്തിലെ അൻപതോളം വരുന്ന കുടുംബങ്ങൾക്ക് ഇനി കുടിവെള്ളത്തിനായി അടുത്ത ജില്ലയെ സമീപിക്കേണ്ട. ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ നിന്ന് 50 ലക്ഷം രൂപ മുടക്കി കുടിവെള്ള പദ്ധതിക്ക് രൂപം നൽകി. ഒരുമാസത്തിനുള്ളിൽ യാഥാർത്ഥ്യമാകും.

കഴിഞ്ഞ കുറെ വർഷങ്ങളായി ഈ പ്രദേശത്തെ കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. സമീപജില്ലയായ ആലപ്പുഴയിലെ എഴുപുന്ന, കോടംതുരുത്ത് തുടങ്ങിയ പഞ്ചായത്തുകളിലെത്തിയാണ് ഇവർ വാഹനങ്ങളിലും ട്രോളികളിലും മറ്റുമാണ് കുടിവെള്ളം ശേഖരിച്ചിരുന്നത്. അവിടങ്ങളിൽ കുടിവെള്ളവിതരണത്തിന് തടസംനേരിട്ടാൽ കുടുങ്ങിയതുതന്നെ. ടാങ്കർ ലോറികളിൽ വല്ലപ്പോഴും എത്തുന്ന കുടിവെള്ളം ഇവർക്ക് ഒന്നിനും തികയാത്ത അവസ്ഥയാണ്. കുഴൽക്കിണർ, ചാമ്പ് പൈപ്പ്, കുളം എന്നിവിടങ്ങളിലെ വെള്ളമായിരുന്നു ഇവർക്ക് ഏക ആശ്രയം. മഴക്കാലത്തും പ്രളയകാലത്തും വീടും പരിസരവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടന്നിട്ടും കുടിക്കാൻ തുള്ളി വെള്ളത്തിനായി ഇവർ നെട്ടോട്ടമായിരുന്നു.

പുതിയ പദ്ധതി നിലവിൽ വരുന്നതോടെ വീട്ടുമുറ്റത്തെ പൈപ്പിൽ നിന്നും ഇവർക്ക് ഇനി കുടിവെള്ളം ശേഖരിക്കാം. പദ്ധതിയുടെ ഔപചാരിക നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അനിതഷീലൻ നിർവഹിച്ചു. പി.സി. തമ്പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. പ്രസാദ്, ആന്റണി ഷീലൻ, അസി.എക്‌സി.എൻജിനിയർ വി.എം.ടെസി, സ്റ്റെല്ലആന്റണി തുടങ്ങിയവർ സംബസിച്ചു.