പറവൂർ: വടക്കേക്കര പഞ്ചായത്ത് ഒന്നാം വാർഡ് മാല്യങ്കരയിലെ കണ്ടെയ്ൻമെന്റ് സോണിൽ വഴികൾ അടച്ചുകെട്ടിയ വഴിയിലൂടെ എത്തിയ ടാങ്കർ ലോറി പറവൂർ തഹസിൽദാർ എം.എച്ച്. ഹരിഷ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വാർഡിൽ പെട്രോൾ പമ്പും മത്സ്യസംസ്കരണ യൂണിറ്റുകളുമുണ്ട്. പമ്പിലേക്കു വന്ന ലോറിയാണ് പിടികൂടിയത്. പ്രദേശത്ത് നടന്ന ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ ഒട്ടേറെപ്പേർ ക്വാറന്റെയിനിലുണ്ട്. കഴിഞ്ഞ ദിവസം ചിറ്റാറ്റുകര പഞ്ചായത്ത് നീണ്ടൂർ പന്ത്രണ്ടാം വാർഡിലെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ആളുകൾ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനാൽ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.