
കൊച്ചി : ലൈഫ് മിഷൻ ഇടപാടിൽ വിദേശസഹായം നേടാൻ നിർമ്മാണക്കമ്പനികൾക്ക് അവസരമുണ്ടായത് യു.എ.ഇ റെഡ് ക്രസന്റുമായി ലൈഫ് മിഷനുണ്ടാക്കിയ ധാരണാപത്രമാണെന്നും ,ഇതു മറച്ചുവച്ച് വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്ന സർക്കാരിന്റെ വാദം നിലനിൽക്കില്ലെന്നും അനിൽ അക്കര എം.എൽ.എ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
അനിൽ അക്കരയുടെ പരാതിയിലാണ് സി.ബി. ഐ കേസെടുത്തത്. ഇതു റദ്ദാക്കാൻ സർക്കാരും യൂണിടാകും നൽകിയ ഹർജിയിലാണ് അനിൽ അക്കര അഭിഭാഷകൻ മുഖേന തന്റെ വാദങ്ങൾ ഉന്നയിച്ചത്.ലൈഫ് മിഷനു വേണ്ടി വീടു നിർമ്മിക്കാൻ സഹായം നൽകുന്നുവെന്നാണ് ധാരണാപത്രത്തിൽ പറയുന്നത്. സർക്കാർ ഏജൻസിയായ ലൈഫ് മിഷനു വേണ്ടി വിദേശസഹായം ലഭിച്ചെന്ന് വ്യക്തമാണ്. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാക്, സാൻവെഞ്ച്വേഴ്സ് എന്നീ കമ്പനികൾക്ക് കരാർ ലഭിച്ചതെന്നും വാദത്തിൽ പറയുന്നു.
യൂണിടാകിന്റെ വാദം
വിദേശസഹായ നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ നിർമ്മാണ കമ്പനിയായ യൂണിടാക് വരില്ല. പൊതുസേവകരുടെ ഗണത്തിൽപ്പെടാത്തതിനാൽ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിയും സാദ്ധ്യമല്ല. ടെലികോം മേഖലയിലുൾപ്പെടെ പ്രവൃത്തിപരിചയമുള്ള കമ്പനിയാണ്. ഏതെങ്കിലും തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ല. സേവനത്തിനുള്ള പ്രതിഫലം വാങ്ങിയിട്ടുണ്ട്. തുക മുൻകൂറായി വാങ്ങിയെന്നാണ് ആരോപണം. കെട്ടിടങ്ങളുടെ നിർമ്മാണം ഉൾപ്പെടെ തുടങ്ങാൻ പണം ആവശ്യമായിരുന്നു.