മൂവാറ്റുപുഴ: പുതിയ കാർഷിക ബില്ലുകൾ കർഷക സ്വയം പര്യാപ്തത ഇല്ലാതാക്കുമെന്നും ഭക്ഷ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രശസ്ത സാമ്പത്തിക വിദഗ്ദ ഡോ. മേരി ജോർജ് അഭിപ്രായപ്പെട്ടു. നിർമല കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'കാർഷിക ബിൽ അനുകൂല പ്രതികൂല വാദങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു ഡോ. മേരി ജോജ്ജ് . കാർഷിക മേഖലയുടെ കോർപ്പറേറ്റ് വത്കരണം വിലപേശാൻ ശേഷിയില്ലാത്ത രാജ്യത്തെ 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ സാരമായി ബാധിക്കും. സ്വകാര്യകുത്തകകളുമായി കർഷകർ കരാറിലേർപ്പെടുന്നതുവഴി കോർപ്പറേറ്റുകൾക്ക് കൂടുതൽ ലാഭം ഉറപ്പുവരുത്തുന്ന വിളകൾ മാത്രം കൃഷിചെയ്യുവാൻ കർഷകർ നിർബന്ധിതരാവുകയും അതുവഴി നാടിന്റെ വിള വൈവിധ്യം നഷ്ടമാവുകയും ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്യും. സർക്കാർ നേതൃത്വത്തിലുള്ള ഭക്ഷ്യസംഭരണ ശ്രൃംഖല ഇല്ലാതാകുന്നതോടെ പൊതുവിതരണ സമ്പ്രദായം നിർത്തലാക്കപ്പെടുകയും സർക്കാരിന്റെ ദാരിദ്ര നിർമ്മാർജന പദ്ധതികൾ പൂർണമായും പിൻവലിക്കപ്പെടുന്നതിനും ഇടയാകും. കൂടാതെ കാർഷിക മേഖലക്ക് നൽകിവരുന്ന സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി നിർത്തലാക്കപ്പെടുന്നതു വഴി മേഖലയുടെ കടിഞ്ഞാൺ വൻകിട കുത്തകകളുടെ കൈയ്യിലെത്തിച്ചേരാൻ ഇടയാക്കുമെന്നും മേരി ജോർജ്ജ് പറഞ്ഞു. നിരവധി കർഷക സംഘടനാ പ്രതിനിധികളും കർഷകരും പങ്കെടുത്ത ചർച്ചയിൽ, താങ്ങുവിലയേക്കാൾ കുറഞ്ഞ വിലയിൽ കോർപ്പറേറ്റുകൾക്ക് കർഷകരുമായി കരാറിലേർപ്പെടുന്നത് നിയമപരമായി തടയുക, കരാറിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടുന്നതിനുവേണ്ടി അതിവേഗ തർക്ക പരിഹാര സെല്ലുകൾ സ്ഥാപിക്കുക, കർഷകർക്ക് നിയമസഹായം ഉറപ്പാക്കുക എന്നീ ഭേദഗതികൾ നിർദ്ദേ ശിക്കപ്പെട്ടു. കുഫോസ് അസിസ്റ്റന്റ് പ്രൊഫ. ഡോ. രാജേഷ് കെ., കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സജി ജോസഫ്, വകുപ്പ് മേധാവി ഡോ. മീര ആർ, പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫസർ അൽഫോൻസ കെ. ജോയി, അഫനാൻ എ. സലാം, എം മാളവിക എന്നിവർ സംസാരിച്ചു.