
കളമശേരി: ആതുരസേവ ജീവിതവ്രതമാണ് ഈ ഡോക്ടർക്ക്. ഫീസോ മറ്റ് പാരിതോഷികങ്ങളോ സ്തുതിപാടലോ എന്തിന് നന്ദി പോലും വേണ്ടാത്ത തൃക്കാക്കരക്കാരുടെ സ്വന്തം ഡോ.നാരായണൻ. ഫീസ് വാങ്ങാൻ നിർബന്ധിച്ചാൽ 20 രൂപ തന്നേക്കൂ എന്ന് പറയുന്ന, സന്യാസതുല്യമായി തൊഴിലിനെ കാണുന്നയാൾ.
പ്രശസ്ത എഴുത്തുകാരി പ്രിയ എ.എസ് ആണ് ഇദ്ദേഹത്തിന് ഈ വിശേഷണം നൽകിയത്.
ഡോ. നാരായണനെ അടുത്തറിയാവുന്നവർക്കു അദ്ദേഹത്തെ കുറിച്ചു പറയാൻ നൂറു നാവാണ്. അദ്ദേഹം കൈയ്യൊഴിഞ്ഞാലെ മറ്റൊരു ഡോക്ടറെ പരിഗണിക്കൂ. അത്യാവശ്യമെങ്കിൽ മാത്രമെ മരുന്ന് കുറിക്കൂ. ഫീസ് വാങ്ങാത്തതു കൊണ്ട് ചിലരൊക്കെ പിന്നെ ചെല്ലാൻ മടിക്കും. സൗജന്യത്തിന് വില കല്പിക്കാത്തവരും ഏറെയുണ്ട്.
ആയുർവേദമാണ് ഡോക്ടറുടെ പശ്ചാത്തലം. പാരമ്പര്യ വൈദ്യന്മാരായ കാരണവൻമാരുടെ പുണ്യം. മൈസൂർ രാജാവിന്റെ വൈദ്യനായിരുന്ന നമ്പീശൻ വൈദ്യൻ ഇദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. ചില രോഗികളോട് ആയുർവേദ മരുന്ന് നിർദ്ദേശിക്കും, അല്ലെങ്കിൽ അതിലെ വിദഗ്ദ്ധനെ ഒന്നു കാണുന്നത് നല്ലതാണ് എന്നൊരഭിപ്രായം പറഞ്ഞെന്നുമിരിക്കും.
എത്ര അടുപ്പമുണ്ടെങ്കിലും ചികിത്സക്കു ചെന്നാൽ ആദ്യമായി കാണുന്ന ഡോക്ടറും രോഗിയും പോലെ യായിരിക്കും പെരുമാറ്റം . സ്വന്ത ബന്ധമോ സൗഹൃദമോ ഇല്ല. അതെല്ലാം കാബിനു പുറത്ത്.
നൂറു ശതമാനം ആത്മാർത്ഥതയോടെ, ജാഗ്രതയോടെ, രോഗിയുടെ കടന്നുവരവുമുതൽ സൂക്ഷ്മമായ ചലനങ്ങൾ വരെ ശ്രദ്ധിക്കും. വിശദമായ, ആഴമേറിയ ചോദിച്ചറിയൽ, എന്നിട്ടേ പ്രതിവിധി നിർണയിക്കൂ.
ലൂർദ്ദ്, ഫാക്ട് ജെ.എൻ.എം ആശുപത്രി , എച്ച്.ഒ.സി, പ്രീമിയർ ടയേഴ്സ്, കാർബോറാണ്ടം യൂണിവേഴ്സൽ തുടങ്ങിയ സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.
20 രൂപ ഡോക്ടർ
എന്നെ 20 രൂപ ഡോക്ടറെന്നാണ് ചിലർ കളിയാക്കുന്നത്. പണം വാങ്ങാതിരുന്നപ്പോൾ ചിലർക്ക് നിർബന്ധം. എങ്കിൽ 20 രൂപ തന്നേക്കൂ എന്നു പറയും. മരുന്ന് വെറുതെ കൊടുത്താലും സ്ഥിതി ഇതുതന്നെ. കഴിക്കില്ല, ഫ്രീ കിട്ടിയതല്ലെ ! അതുകൊണ്ട് മരുന്ന് കൊടുക്കുന്നത് നിർത്തി.
ഡോ.നാരായണൻ
സന്യാസിയായ ഡോക്ടർ
കൃത്യമായി രോഗകാരണം കണ്ടു പിടിക്കാനുള്ള മിടുക്ക്. ആവശ്യമെങ്കിൽ മാത്രം ഫലപ്രദമായ മരുന്ന് എഴുതാനുള്ള വൈഭവം ആരെയും അത്ഭുതപ്പെടുത്തും. പറ്റാത്ത കേസാണെങ്കിൽ തുറന്നു പറയും. അറിവിന്റെ ജാഡയില്ല. സന്യാസതുല്യമായി ജോലിയെ കാണുന്നയാൾ.
പ്രിയ എ.എസ്.
കുസാറ്റ് അദ്ധ്യാപിക, എഴുത്തുകാരി.