toilet

കൊച്ചി: 60 പേർ തൊഴിലെടുക്കുന്ന ഇടം. ആകെയുള്ളത് രണ്ട് ശൗചാലയം. ഇതിൽ ഒന്ന് ഉപയോഗിക്കാനുള്ള അനുമതി മാനേജർക്ക് മാത്രം ! തൃപ്പൂണിത്തുറയിലെ ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസ് ഗോഡൗണിലെ വിചിത്ര നിയമം മൂലം ദുരിതത്തിലായിരിക്കുകയാണ് തൊഴിലാളികൾ. ആവശ്യത്തിന് ശൗചാലയം ഇല്ലാത്തതിനാൽ വനിതാ തൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. 23 പേരാണ് ഇവിടെ തൊഴിലെടുക്കുന്ന വനിതകൾ.

പാക്കിംഗ് സെക്ഷനിൽ മുതൽ ഗോഡൗണിലെ മറ്റു ജോലികളിൽ വരെ സ്ഥിരം ജോലിക്കാരായ വനിതകളുണ്ട്. കൊവിഡ് വ്യാപനം ശക്തമായതോടെ തൊഴിലാളികളുടെ ആശങ്ക ഇരട്ടിയായിരിക്കുകയാണ്. വെയർഹൗസ് കോർപ്പറേഷൻ ബിൽഡിംഗാണ് ഗോഡൗണിനായി നൽകിയിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് പാട്ടത്തിനെടുത്ത കെട്ടിടത്തിൽ മതിയായ സൗകര്യങ്ങളില്ല. പ്രാരംഭ ഘട്ടത്തിലുണ്ടായിരുന്ന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പിന്നീട് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല. അതേസമയം ജനറേറ്റർ ഇല്ലാത്തതിനാൽ കറണ്ട് പോയാൽ സ്വതവേ ഇരുട്ടു നിറഞ്ഞ ഗോഡൗണും ഓഫീസും കൂരിരുട്ടാകും.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു. നിരവധി തവണ ആവശ്യപ്പെട്ടതോടെയാണ് ഒരു ശൗചാലയം ഒരുക്കി നൽകിയത്. നിലവിൽ കൂടുതൽ ശൗച്യാലയങ്ങൾ നിമ്മിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഫണ്ടില്ലാത്തതിനാലാണ് പദ്ധതി വൈകുന്നതെന്നാണ് വെയർ ഹൗസ് അധികൃത പറയുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഫണ്ട് വൈകുന്നതത്രേ. ജനറേറ്റർ വാങ്ങാനും അനുമതി ലഭിച്ചിട്ടിട്ടുണ്ടെങ്കിലും ഇതിന് ഫണ്ടായിട്ടില്ല.

വെയർഹൗസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്:

വെയർഹൗസ് കോർപ്പറേഷനാണ് കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല. അടിയന്തിരമായി ടോയ്ലറ്റ് സംവിധാനം ഒരുക്കി നൽകാൻ വെയർഹൗസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ ജീവനകകാരായി എത്തുന്നതിന് മുമ്പുള്ള സൗകര്യങ്ങളാണ് ഇപ്പോഴും കെട്ടിടത്തിലുള്ളത്. എത്രയും വേഗം സൗകര്യമൊരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പ്രദീപ് കുമാർ കെ.പി

മാനേജർ

തൃപ്പൂണിത്തുറ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ