കൊച്ചി: കൺമുമ്പിലെ കാഴ്ചകളെന്തും ഞൊടിയിടയിൽ കവിതകളാക്കുന്ന നാട്ടുകാരുടെ നിമിഷകവിക്ക് എൺപത്തിയാറാം വയസിൽ ജന്മസാഫല്യം.
ജീവിതത്തിലുടനീളം വാമൊഴിയായ് പകർന്ന കാവ്യഭാവനകൾ പുസ്തകമാവുകയാണ്. കാലടി ഒക്കൽ തുരുത്തിൽ മാടപ്പള്ളി വീട്ടിലെ എം.സി. ഗംഗാധരനാണ് ജീവിത സായാഹ്നത്തിൽ നിനച്ചിരിക്കാതെ ഗ്രന്ഥകാരനാകുന്നത്. ഒക്കൽ തച്ചിലേത്ത് നാരായണൻ വൈദ്യർ ലൈബ്രറിയാണ് പ്രസാധകർ.
പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള ഗംഗാധരന് കവിതാരചനയിൽ മാത്രമല്ല, അക്ഷരശ്ലോകത്തിലും ഏറെ കമ്പമുണ്ട്. നൂറുകണക്കിന് സദസുകളിൽ പണ്ഡിതശിരോമണികളോട് ഏറ്റുമുട്ടി വിജയം വരിച്ച പഴങ്കഥകൾ പറഞ്ഞുതുടങ്ങിയാൽ അതിലുമുണ്ടാകും അരഡസൻ കവിതകൾ. കവി ജനിച്ചതും വളർന്നതും പെരിയാറിൻ തീരത്താണ്. പെരിയാറിന്റെ ഇന്നത്തെ ഭാവഭേദത്തെക്കുറിച്ച് ചോദിച്ചാൽ ഗംഗാധരകവിയുടെ ശബ്ദമിടറും. പർവതനിരയുടെ പനിനീരിനേറ്റ കളങ്കം അത്രകണ്ട് വേദനാജനകമാണെന്നാണ് കവിഭാഷ്യം.
നാരായണീയം, ഭഗവത്ഗീത, മേഘസന്ദേശം, ശാകുന്തളം... തുടങ്ങിയ പുണ്യപുരാണേതിഹാസങ്ങളും കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ മഹാകവികളുടെ കാവ്യങ്ങളിലേറെയും ചെറുപ്പത്തിലേ മന:പാഠമാക്കിയാണ് അക്ഷരശ്ലോകവേദികളിൽ തിളങ്ങിയത്.
പല്ലുകൊഴിഞ്ഞ വായിലെ എല്ലില്ലാത്ത നാവ് വരുതിയിൽ നിൽക്കാത്തതുകൊണ്ട് ഉച്ചാരണത്തിൽ അല്ലറചില്ലറ അവ്യക്തതകൾ ഉണ്ടാകുമെങ്കിലും അക്ഷരശ്ലോകസദസിൽ ആരുമായും കട്ടയ്ക്ക് മുട്ടാൻ ഇപ്പോഴും ഒരുക്കമാണ്. അദ്ധ്യാപകനും ആശാനുമൊന്നുമല്ലെങ്കിലും നാട്ടുകാർ സ്നേഹപൂർവം സംബോധനചെയ്യുന്നത് ഗംഗാധരൻ മാഷ് എന്നാണ്. ഒക്കൽദേശത്ത് ഗംഗാധരൻ മാഷിന്റെ സാന്നിദ്ധ്യമില്ലാത്ത പൊതുപരിപാടികളൊന്നും നടക്കാറില്ല. വേദിയിൽ എത്തിയാൽ നെടുനീളൻ പ്രസംഗമൊന്നുമില്ല, ചുറ്റുപാടുകൾക്കിണങ്ങുന്നൊരു കവിത ചമച്ച് ചൊല്ലി കൈയ്യടിനേടും. അങ്ങനെ ചൊല്ലിക്കൂട്ടിയ കവിതകളിൽ 80 എണ്ണം എഴുതിയെടുത്താണ് ലൈബ്രറി പ്രവർത്തകർ പുസ്തകമാക്കുന്നത്.
കൊവിഡ് കാലമായതുകൊണ്ട് പുസ്തകത്തിന്റെ പ്രകാശനം അനിശ്ചിതമായി നീളുകയാണ്. ഏറിയാൽ അടുത്തമാസം ''എന്റെഗ്രാമം'' എന്ന കാവ്യസമാഹാരം പുറത്തിറങ്ങുമെന്നാണ് പ്രസാധകർ പറയുന്നത്. പ്രകാശനം മുടക്കുന്ന കൊവിഡിനെക്കുറിച്ച് പറയുമ്പോഴും ഗംഗാധരൻ മാഷിന് കവിതവരും.
' പാരിൽ നമ്മളെല്ലാരുമൊന്നിച്ചു
പോരടിച്ചാൽ ജയിക്കാം കൊറോണയെ
വായമൂക്കുമടച്ചുനടക്കുവാൻ
ആരുംതന്നെ മടിക്കരുതൊട്ടുമേ.......'