അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ ജലസേചന കനാലുകളുടെ വാർഷിക ശുചീകരണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള കർമ്മ പരിപാടികൾ തയ്യാറായി. റോജി എം. ജോൺ എം.എൽ.എ വിളിച്ച് ചേർത്ത ത്രിതല പഞ്ചായത്ത് പ്രതിനിധികളുടേയും ജലസേചന വകുപ്പ്, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് കർമ്മ പരിപാടി തയ്യാറാക്കിയത്.
കനാലുകളിലെ ചെളിയും നീക്കം ചെയ്യുന്ന പ്രവർത്തി മഹാതാമാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹിക്കും. കനാലിൽ വരുന്ന നിർമ്മാണ സാമഗ്രഹികൾ ഉപയോഗിച്ചുള്ള പ്രവർത്തികൾ ജലസേചന വകുപ്പ് നേരിട്ടാണ് നിർവഹിക്കുന്നത്. ജലസേചന വകുപ്പ് പ്രവർത്തിയും, തൊഴിലുറപ്പ് പദ്ധതിയും സംയേജിപ്പിച്ചാണ്(കൺവെർജൻസ്) ശുചീകരണം നിർവഹിക്കുന്നത്. ഇതിന് ജലസേചന വകുപ്പും, ഗ്രാമപഞ്ചായത്തുകളും തയ്യാറാക്കിയ പ്രത്യേക ആക്ഷൻ പ്ലാനുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ചെറുകിട ജലസേചന വകുപ്പിന് കീഴിലുള്ള ലി്ര്രഫ് ഇറിഗേഷൻ സ്‌കീമുകളുടെ മെയിൻ കനാലും, സബ് കനാലുകളും തൊഴിലുറപ്പ് പദ്ധതിയിൽ ശുചീകരിക്കും. ഇടമലയാർ ജലസേചന പദ്ധതിയുടെ വനഭാഗത്തുള്ള 16 കി.മീ മെയിൻ കനാൽ ജലസേചന വകുപ്പ് തന്നെ നേരിട്ട് ശുചീകരിക്കും.
യോഗത്തിൽ റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി.പോൾ, പഞ്ചായത്ത് പ്രസിഡൻറുമാരായ ചെറിയാൻ തോമസ്, ജയ രാധാക്യഷ്ണൻ, കെ.വൈ. വർഗ്ഗീസ്, ബിബി സെബി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ പി.എം. വിൽസൻ, എ.എ. നൂർജഹാൻ, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ ലാലി ജോർജ്ജ്, എ.ഐ. സീന, അജ്മൽ, ബി.ഡി.ഒ അജയ് എ.ജെ. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗ്ഗീസ് എന്നിവർ സംസാരിച്ചു.