
കൊച്ചി : സ്വർണക്കടത്തു കേസിൽ സന്ദീപ് നായർക്കു പിന്നാലെ മാപ്പു സാക്ഷിയാകാനൊരുങ്ങി 26-ാം പ്രതി മുസ്തഫ, 27 -ാം പ്രതി അബ്ദുൾ അസീസ്, 28 -ാം പ്രതി നന്ദഗോപാൽ എന്നിവർ രഹസ്യ കുറ്റസമ്മതമൊഴി നൽകി. എറണാകുളം അഡിഷണൽ സി.ജെ.എം കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
നേരത്തെ സന്ദീപിന്റെ രഹസ്യമൊഴി ആലുവ ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തിയിരുന്നു. കേസിലെ മുഖ്യസൂത്രധാരൻ കെ.ടി.റമീസ് കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുണ്ടാകാമെന്ന് സന്ദീപ് മൊഴി നൽകിയിട്ടുണ്ട്. തീവ്രവാദഗ്രൂപ്പുകൾ സജീവമായ ആഫ്രിക്കൻ രാജ്യങ്ങളിലുൾപ്പെടെ ബന്ധങ്ങളുള്ളയാളാണ് റമീസെന്നും മൊഴിയിലുണ്ട്.
അതിനിടെ, കേസിലെ മുഖ്യപ്രതികളായ പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ്, കെ.ടി. റമീസ്, എ.എം. ജലാൽ, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, പി.ടി. അബ്ദു, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരുടെ റിമാൻഡ് കാലാവധി 90 മുതൽ 180 ദിവസംവരെ നീട്ടാൻ ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എ കോടതിയിൽ അപേക്ഷനൽകി. ജൂലായ് പത്തിനാണ് കേസെടുത്തതെന്നും വിദേശത്തുൾപ്പെടെ ഗൂഢാലോചന നടന്നിട്ടുള്ള കേസിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയില്ലെന്നും ഡിവൈ.എസ്.പി രാധാകൃഷ്‌ണപിള്ള നൽകിയ അപേക്ഷയിൽ പറയുന്നു.
സ്വപ്നയുടെ ചാറ്റുകൾ വീണ്ടെടുത്തു
നയതന്ത്രബാഗ് വിട്ടുകിട്ടാൻ സ്വപ്ന തന്റെ ഐഫോണുകളിൽ നിന്ന് സരിത്തിനോടും മറ്റുള്ളവരോടും നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിന്റെ വിവരങ്ങൾ വീണ്ടെടുത്തെന്ന് എൻ.ഐ.എ അറിയിച്ചു. ഇതു സ്വപ്ന ഡിലീറ്റ് ചെയ്തിരുന്നു. പ്രതികളിൽ നിന്ന് 89 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്കായി സി -ഡാക്കിന് കൈമാറി. ഇതിൽ 17 ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് ഇതുവരെ ലഭിച്ചത്.
ദുബായിലെ ബിസിനസ് മറ
കെ.ടി.റമീസ്, എ.എം.ജലാൽ, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, പി.ടി.അബ്ദു, മുഹമ്മദ് അൻവർ, അബ്ദു സലാം, ഹംജദ് അലി, ടി.എം.സംജു എന്നീ പ്രതികൾ യു.എ.ഇയിൽ ബിസിനസ് നടത്തിയിരുന്നത് സ്വർണക്കടത്തിനു മറയുണ്ടാക്കാനാണ്. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകർക്കാനാണ് പ്രതികൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചതെന്നും എൻ.ഐ.എ വ്യക്തമാക്കുന്നു.
വധഭീഷണിയുണ്ടെന്നും വിയ്യൂരിൽ
നിന്ന് മാറ്റണമെന്നും സന്ദീപ് നായർ
കൊച്ചി: സ്വർണക്കടത്തു കേസിൽ രഹസ്യ കുറ്റസമ്മത മൊഴി നൽകിയതിനുശേഷം തനിക്കു വധഭീഷണിയുണ്ടെന്ന് കേസിലെ നാലാം പ്രതി സന്ദീപ് നായർ എറണാകുളം എൻ.ഐ.എ കോടതിയിൽ അറിയിച്ചു. മറ്റു പ്രതികളെ പാർപ്പിച്ച വിയ്യൂർ ജയിലിൽ നിന്ന് തന്നെ മാറ്റണമെന്നാണ് സന്ദീപിന്റെ അപേക്ഷയിലെ ആവശ്യം. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സന്ദീപ് നായർ സ്വമേധയാ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറാണെന്ന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളെല്ലാം രഹസ്യമൊഴിയിൽ വ്യക്തമാക്കിയതോടെ സന്ദീപിനെ മാപ്പുസാക്ഷിയാക്കുന്ന കാര്യം എൻ.ഐ.എയും കോടതിയും പരിഗണിക്കുന്നതിനിടെയാണ് വധഭീഷണി പരാതി ഉയർന്നത്. മൊഴി നൽകിയശേഷം തന്നെ ജയിലിൽ ആക്രമിക്കാനിടയുണ്ടെന്നും വകവരുത്താൻ പദ്ധതിയുണ്ടെന്നുമുള്ള ആശങ്കയാണ് ഇയാൾ കോടതിയിൽ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ എൻ.ഐ.എ കോടതി അടുത്ത ദിവസം തീരുമാനം എടുത്തേക്കും.
അഞ്ചു പ്രതികളെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യും
സ്വർണക്കടത്തു കേസിൽ പ്രതികളായ പി.ടി അബ്ദു, കെ.ടി ഷറഫുദ്ദീൻ, മുഹമ്മദാലി, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ എൻ.ഐ.എ അന്വേഷണ സംഘം അനുമതി തേടി. ഇവരെ നേരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ചാണ് എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയത്. അടുത്ത ദിവസം അപേക്ഷ കോടതി പരിഗണിക്കും.