
തൃപ്പൂണിത്തുറ: പൗരാണികളമായ ഗഞ്ചിഫ കളി അന്യം നിൽക്കുകയാണ്. ചീട്ടുകളിക്ക് സമാനവും സങ്കീർണവുമായ ഗഞ്ചിഫയ്ക്ക് കേരളത്തിൽ ഇപ്പോൾ പ്രചാരമില്ല. അറിയാവുന്നതാകട്ടെ കൊച്ചി രാജകുടുംബത്തിലെ പഴയ തലമുറയിലെ ഏതാനും പേർക്കുമാത്രവും. ഗഞ്ചിഫ അഥവാ ഗഞ്ചിപ്പ് എന്നറിയപ്പെടുന്ന ഈ അകത്തള വിനോദം ചീട്ടുകളിയുടെ ആദ്യ രൂപമത്രെ.
ഒരു കാലത്ത് തൃപ്പൂണിത്തുറയിലെ എല്ലാ കോവിലകങ്ങളിലും ഗഞ്ചിഫ സെറ്റ് ഉണ്ടായിരുന്നു. ഇപ്പോൾ കോട്ടയ്ക്കകത്ത് ദീപ്തി പാലസിൽ പുതിയൊരെണ്ണം എത്തിയിട്ടുണ്ട്. കളിക്കാനറിയാവുന്നവർ ഏതാനും പേർ മാത്രം.
പേർഷ്യയിൽ നിന്ന് മുഗളരാണ് ഗഞ്ചിഫ കളി ഇന്ത്യയിൽ കൊണ്ടുവന്നത് എന്ന് പറയപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ ബംഗാളിലും ഒറീസയിലും ഈ കളി ഉണ്ടായിരുന്നു. കളിയുടെ രീതികളിലും ഇലകളെന്ന് വിളിക്കുന്ന കാർഡുകളുടെ എണ്ണത്തിലും വ്യത്യാസങ്ങളുമുണ്ട്.
മുഗൾ ഗഞ്ചിഫ (8x12=96 കാർഡുകൾ), ദശാവതാര ഗഞ്ചിഫ (10x12=120 കാർഡുകൾ), രാശി ഗഞ്ചിഫ (12x12 =144 കാർഡുകൾ) എന്നു തുടങ്ങി പലതരത്തിലാണിവ. പണ്ട് മരക്കാർഡുകളായിരുന്നെങ്കിൽ പിന്നീട് അത് കട്ടിയുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത പേപ്പർ കാർഡുകളായി. ഒരു സെറ്റിന് പതിനാറായിരം രൂപ വരെ വിലയുണ്ട്.
ദശാവതാര ഗഞ്ചിപ്പാണ് ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിലുള്ളത്. വിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ ചിത്രീകരിച്ച കാർഡുകളാണിവ.കളി നിയമങ്ങൾ സങ്കീർണമാണ്. കണ്ടും കളിച്ചും മാത്രമേ ഇത് പഠിക്കാനാകൂ. മൂന്നു പേർ വേണം കളിക്കാൻ.
ഏറ്റവും അവസാനം ഗഞ്ചിപ്പ് കളിച്ച തലമുറ എന്റേതാണ്. ഇപ്പോൾ കളി അറിയുന്നവർ ഏതാനും പേർ മാത്രം. പത്തു കൊല്ലം മുമ്പുവരെ ഇതു കളിച്ചിരുന്നു.പുതിയ തലമുറയെ ഇനി പഠിപ്പിക്കണം. ഏതെങ്കിലും ക്ലബ്ബ് അതിനു തയ്യാറാകണം അല്ലെങ്കിൽ ഈ വിനോദം മൺമറഞ്ഞു പോകും.
രമേശൻ തമ്പുരാൻ, രാജകുടുംബാംഗം