കൊച്ചി : കെട്ടിടങ്ങളിൽ സുരക്ഷിതമായ ടഫൻഡ് ഗ്ളാസോ ലാമിനേറ്റഡ് ഗ്ളാസോ മാത്രമേ ഉപയോഗിക്കാവൂ എന്നു വ്യക്തമാക്കി കെട്ടിട നിർമ്മാണച്ചട്ടത്തിൽ ഭേദഗതി വരുത്തണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് എറണാകുളം സ്വദേശി സിദ്ദിഖ് ബാബു നൽകിയ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

കെട്ടിട നിർമ്മാണത്തിന് ടഫൻഡ് ഗ്ളാസ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ നൽകിയ നിവേദനം ഒരുമാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് തദ്ദേശ ഭരണ വകുപ്പു സെക്രട്ടറിയോട് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ ബാങ്ക് ഒഫ് ബറോഡയുടെ ശാഖയിൽ എത്തിയ ബീന ജിജു പോൾ എന്ന വീട്ടമ്മ ഗ്ളാസിലിടിച്ചതിനെത്തുടർന്ന് പൊട്ടിയ ചില്ലുകൾ കുത്തി കയറി മരിച്ച സംഭവത്തെത്തുടർന്നാണ് ഹർജി.

കഴിഞ്ഞ ജൂലായ് 15 നാണ് അപകടമുണ്ടായത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ ദുർബലമാണെന്നാണ് ഇൗ സംഭവം വ്യക്തമാക്കുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മൂന്നു നിലയ്ക്ക് മുകളിലുള്ള കെട്ടിടങ്ങൾക്കാണ് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഇതിൽ ഭേദഗതി വേണമെന്നും സർക്കാർ വിശദീകരിച്ചിരുന്നു. ഇതു രേഖപ്പെടുത്തിയാണ് ഹർജി തീർപ്പാക്കിയത്.