കൊച്ചി: ഷിപ്പിംഗ് മേഖലയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഹരിത കമ്പനിയെന്ന അംഗീകാരം കൊച്ചി കപ്പൽശാലക്ക് സ്വന്തം. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സി.ഐ.ഐ) ഗ്രീൻകോ സിൽവർ റേറ്റിംഗ് സർട്ടിഫിക്കറ്റ് കപ്പൽശാലയ്ക്ക് ലഭിച്ചു.
പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കുകയും പുനരുപയോഗ ഊർജം വിനിയോഗിക്കുകയും ചെയ്തതുൾപ്പെടെ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന കമ്പനികളുടെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കിയാണ് ഗ്രീൻകോ റേറ്റിംഗ് നൽകുന്നത്. കപ്പൽശാലയ്ക്ക് ഉയർന്ന നിലവാരമുള്ള ലെവൽ 3 സിൽവർ റേറ്റിംഗാണ് ലഭിച്ചത്.
ഊർജ്ജക്ഷമത, ജലസംരക്ഷണം, സൗരോർജം ഉൾപ്പെടെ പുനരുപയോഗ സംവിധാനങ്ങൾ, കാർബൺ പുറന്തള്ളലിന്റെ തോത്, മാലിന്യസംസ്‌കരണം, ഹരിതവത്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിനുള്ള നവീന പദ്ധതികൾ തുടങ്ങി മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ഗ്രീൻകോ റേറ്റിംഗ് ലഭിച്ചതെന്ന് കപ്പൽശാല അധികൃതർ അറിയിച്ചു.