al
എറണാകുളം വികസന സമിതിയുടെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന് മുന്നിൽ ആൽമരം നട്ടു പ്രതിഷേധിക്കുന്നു

കൊച്ചി : കോർപ്പറേഷൻ അധികൃതരുടെ കെടുകാര്യസ്ഥതയിലും ദുർഭരണത്തിലും പ്രതിഷേധിച്ച് മറൈൻഡ്രൈവിലെ ആസ്ഥാനമന്ദിരത്തിന് മുന്നിൽ എറണാകുളം വികസനസമിതിയുടെ നേതൃത്വത്തിൽ ആൽമരംനട്ടു. ഇതു വളർന്ന് പന്തലിക്കുമ്പോൾ അതും ഭരണക്കാർക്ക് തണലാകുമെന്ന് തെളിയിക്കുന്നതിനാണ് പുതുമയുള്ള സമരം നടത്തിയത്.

കൊച്ചി രാജകുടുംബത്തിന്റെ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 3. 32 കോടി രൂപ കുടിശിക നൽകാത്തതിനെത്തുടർന്ന് ആസ്ഥാനമന്ദിരം ജപ്തിചെയ്തുകൊണ്ടുള്ള കോടതിവിധി ഭരണകർത്താക്കളുടെ അലംഭാവത്തിന് ഉദാഹരണമാണെന്ന് കൗൺസിലർ സുധ ദിലീപ്കുമാർ പറഞ്ഞു. സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എറണാകുളം വികസനസമിതി പ്രസിഡന്റ് കെ.എസ്. ദിലീപ്കുമാർ, കുരുവിള മാത്യൂസ്, പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ്, ശ്രീകുമാർനായർ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ.പി.എ, പ്രീപ്തി രാജ് എന്നിവർ നേതൃത്വം നൽകി.

12.70 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന നഗരസഭയുടെ പുതിയ ഓഫീസിന്റെ നിർമ്മാണം ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. 2007ൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. കെട്ടിട നിർമ്മാണത്തിനായി 14.5 കോടിയോളം രൂപ ഇതുവരെ ചെലവഴിച്ചു. ആദ്യ എസ്റ്റിമേറ്റിനെക്കാൾ നൂറു ശതമാനം അധിക തുകമുടക്കിയിട്ടും 60 ശതമാനം പണിപോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇലക്ട്രിഫിക്കേഷൻ, പ്ലംബിംഗ്, ഇന്റീരിയർ ഫർണിഷിംഗ് എന്നിവയ്ക്ക് വീണ്ടും തുക മുടക്കേണ്ടിവരുമെന്ന് വികസനസമിതി ചൂണ്ടിക്കാട്ടി.