കോലഞ്ചേരി: കൊയ്യാനാളില്ല, നെല്ലു നശിക്കുന്നു.പ്രളയത്തെ അതിജീവിച്ച് കൃഷിയിറക്കിയ നെൽപ്പാടങ്ങളിലെ മൂപ്പെത്തിയ നെല്ലാണ് കൊയ്‌തെടുക്കാനാളില്ലാതെ വന്നതോടെ നശിക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തി. കുന്നത്തുനാട് പഞ്ചായത്ത് പട്ടിമറ്റം കൃഷിഭവനിൽപ്പെട്ട ചെങ്ങര പാടശേഖരത്തിലാണ് നെല്ല് നശിക്കുന്നത്.പാകമായ നെല്ല് പാടത്ത് വീണുകിടക്കുകയാണ്. അന്യ സംസ്ഥാന തൊഴിലാളികൾ നാടു വിട്ടതും, നാട്ടിലുള്ളവർ തൊഴിലുറപ്പ് മേഖലയിലേക്ക് തിരിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്. യഥാസമയം തൊഴിലാളികളെ കിട്ടാത്തതിനാൽ ചിലയിടങ്ങളിൽ കുടുംബാംഗങ്ങൾ നേരിട്ട് പാടത്തിറങ്ങി. പ്രദേശത്തെ മിക്ക കർഷകരും ഉമ, ജ്യോതി വിത്താണ് കൃഷിയിറക്കിയിരിക്കുന്നത് കുറഞ്ഞ മൂപ്പുള്ള നെല്ലാണിത് ഈ നെല്ല് ഇനിയും നിന്നാൽ പൂർണമായും വീണുപോകും.ഇതോടെ കൊയ്ത്തു യന്ത്രമുപയോഗിച്ചും കൊയ്തെടുക്കാനാകില്ല, വയ്ക്കോലു പോലും കിട്ടില്ല.
പരമ്പരാഗതമായി കാർഷികമേഖലയിൽ പരിചയമുള്ളവരെ ഇനി കിട്ടാൻ പ്രയാസമാണ്. അതു കൊണ്ടു തന്നെ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കൊയ്ത്തിന് തൊഴിലാളികളെ അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കൊയ്ത്തുയന്ത്റവുമില്ല
പാടശേഖരസമിതിയുടെ നിയന്ത്റണത്തിലുള്ള കൊയ്ത്തുയന്ത്റം സംവിധാനവും പ്രദേശത്ത് കർഷകർക്ക് ലഭ്യമിയിട്ടില്ല.കിഴക്കമ്പലത്തെ സംസ്കാരീക കൂട്ടായ്മയായ ട്വന്റി 20 യുടെ കൊയ്ത്ത് യന്ത്രം ലഭിക്കാനായി കർഷകർ ശ്രമം തുടങ്ങിയിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടിൽ നിന്നും യന്ത്രമെത്തിയായിരുന്നു കൊയ്ത്തിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അവരുമെത്തുന്നില്ല. കൃഷിയ്ക്കായി മുടക്കിയ ആയിരങ്ങൾ വെള്ളത്തിലാകുമെന്ന ഭീതിയിലാണ് കർഷകർ. ഇടയ്ക്ക് ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴയേയും അതിജീവിച്ച കൃഷിയാണ് കൊയ്തെടുക്കാനാവാതെ കിടക്കുന്നത്.
പ്രതിഫലം കൂടുതൽ
കൊയ്യാൻ വിളിച്ചാൽ അന്യ സംസ്ഥാന തൊഴിലാളികൾ ആയിരം രൂപയാണ് പ്രതിഫലം ചോദിക്കുന്നത്. അത്രയും തുക നല്കുന്നതിലും ഭേദം നെല്ലുപേക്ഷിക്കുന്നതാണ്.
സദാനന്ദൻ,കർഷകൻ, ചെങ്ങര