പെരുമ്പാവൂർ: ചേരാനല്ലൂർ ആയുർവേദ ആശുപത്രിയിൽ മരുന്നുകൾക്ക് ക്ഷാമം. വരും ദിവസങ്ങളിൽ പരിമിതമായ സ്റ്റോക്കുകളും തീരുന്ന അവസ്ഥയാണെന്ന് അധികൃതർ അറിയിച്ചു.കേരള ഗവൺമെന്റിന്റെ കീഴിലുള്ള ഔഷധിയിലേയ്ക്കാണ് മരുന്നിന് ഓർഡർ നൽകുന്നത്. കഴിഞ്ഞ മാർച്ച് മുതൽ ആവശ്യത്തിന് മരുന്ന് ഔഷധിയിൽ നിന്ന് ലഭിക്കുന്നില്ല. കൊവിഡ് കാലം തുടങ്ങിയതിനു ശേഷം പച്ചമരുന്നിന്റെ ലഭ്യതകുറവുകൊണ്ട് മരുന്ന് ഉദ്പാദനം കുറഞ്ഞതാണ് മരുന്ന് ലഭിക്കാത്തതെന്നാണ് കമ്പനിയുടെ വിശദീകരണം. കൊവിഡ് കാലം തുടങ്ങിയതിനു ശേഷം രോഗികൾ കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിൽപ്പെട്ട ചേരാനല്ലൂർ, മങ്കുഴി, തോട്ടുവ, നടുത്തുരുത്ത്, ഒച്ചാത്തുരുത്ത് കൂടാതെ രണ്ട് പഞ്ചായത്തുകളിലെ വിവിധ പ്രദേശത്തെ നൂറു കണക്കിന് ആളുകളാണ് ആയുർവേദ ആശുപത്രിയെ ആശ്രയിക്കുന്നത്. ഇവിടെ നിന്നും മരുന്ന് ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. മരുന്ന് വാങ്ങണമെങ്കിൽ പെരുമ്പാവൂരിലോ, കാലടിയിലോ പോകണം. ഇപ്പോൾ ബസ് സൗകര്യവും കുറവാണ്. മരുന്ന് പുറമെ നിന്ന് വാങ്ങുന്നതിന് വലിയ പണചിലവുണ്ട്.പ്രതിവർഷം 9 ലക്ഷം രൂപയുടെ മരുന്നാണ് ആശുപത്രിക്ക് ലഭിക്കുന്നത്.
മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് കോൺഗ്രസ്
കൂടുതൽ രോഗികൾ എത്തുന്നതുകൊണ്ട് ഈ തുക വർദ്ധിപ്പിക്കണമെന്നും, ഔഷധിയിൽ നിന്ന് മരുന്ന് ലഭിക്കാത്തതുകൊണ്ട് പുറമെ നിന്ന് മരുന്ന് വാങ്ങി ക്ഷാമം പരിഹരിക്കണമെന്നും ചേരാനല്ലൂർ മേഖല കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ദേവച്ചൻ പടയാട്ടിൽ, സിജോ വർഗീസ്, ബേബി എസ് ആറ്റുപുറം, സെബാസ്റ്റ്യൻ ആറ്റുപുറം, ജിതിൻ ജോണി, നിതിൻ പോൾ, ബിബിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.