പറവൂർ: പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ എഴുപതാംപിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സേവാ സപ്താഹത്തോട് അനുബന്ധിച്ച് പറവൂർ നഗരസഭയിലെ യുവാക്കൾക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷ്വറൻസ് പദ്ധതിയുമായി ബി.ജെ.പി. പതിനെട്ടിനും നാൽപതിനും ഇടയിൽ പ്രായമുള്ളവർക്ക് രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് നൽകുന്നത്. വാർഡുതലത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതു കൂടാതെ പെരുവാരത്തുള്ള ഐ.ടി സെൽ ഓഫീസിൽ ആധാർ കാർഡുമായി എത്തുവന്നവർക്കും ഇൻഷ്വറൻസ് ലഭിക്കും. 12,000 പേർക്കാണ് പരിരക്ഷ നൽകുന്നത്. രണ്ടു വാർഡുകളിൽ നടത്തിയ സർവേയിൽ ഇൻഷ്വറൻസ് ഇല്ലാത്ത നിരവധി യുവാക്കളെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗജന്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കാൻ ബി.ജെ.പി പറവൂർ മുനിസിപ്പൽ സമിതി തീരുമാനിച്ചതെന്ന് പ്രസിഡന്റ് പി.ആർ. മുരളി പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ നിർവഹിച്ചു.