ആലുവ: പരിസ്ഥിതിസാമൂഹ്യ ആഘാത പഠനം നടത്താതെയുള്ള നിർദിഷ്ട വയനാട് ആനക്കാംപ്പൊയിൽ - കള്ളാടി തുരങ്കപ്പാത പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സന്തുലിതത്തെ ഗുരുതരമായി ബാധിക്കുമെന്ന് കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രകൃതി ദുരന്ത മേഖലയായ വയനാടൻ മലകൾ തുരന്ന് നിർമ്മിക്കുന്ന നിർദ്ദിഷ്ട പദ്ധതിയുടെ വിശദമായ പദ്ധതി രേഖ, ആവാസ വ്യവസ്ഥ പ്രത്യാഘാത പഠന റിപ്പോർട്ട് പുറത്ത് വിടാൻ അധികാരികൾ തയ്യാറാവണം. ചാലിയാറിന്റെ പ്രഭവ സ്ഥാനമായ വെള്ളരി മല, ചെമ്പ്ര മല, അനുബന്ധ വയനാടൻ മല നിരകൾ തുടങ്ങിയ ജൈവ വൈവിധ്യ കലവറ നശിപ്പിക്കുന്ന, ഭീമമായ സാമ്പത്തിക നഷ്ട്ടവും ജീവനാശവും സംഭവിച്ചേക്കാവുന്ന പദ്ധതി ഉപേക്ഷിച്ച് പരിസ്ഥിതിക്ക് അനുകൂലമായ വികസന പദ്ധതികൾ രൂപപ്പെടുത്തണമെന്ന് ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. പദ്ധതിയെ കുറിച്ച് പ്രമുഖ പരിസ്ഥിതി സാമൂഹിക പ്രവർത്തകരെയും ശാസ്ത്രജ്ഞരെ യും ഉൾപ്പെടുത്തി വസ്തുതാന്വേഷന പഠനത്തിനായി പരിസ്ഥിതി മിത്ര ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിശദമായ വസ്തുതാന്വേഷന പഠനം നടത്താനും ബദൽ പദ്ധതി നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കാനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെരീഫ് ഉള്ളത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. രവീന്ദ്രൻ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ കെ.വി. ഷെമീജ് കാളികാവ്, വി.പി. വിപിൻനാഥ്, അഷ്രഫ് വാവാട്, കുന്നത്തൂർ ജെ. പ്രകാശ്, പൂവച്ചൽ സുധീർ, സി. പ്രേമവല്ലി, കെ.സി. സ്മിജൻ ആലുവ, റഫീഖ് ഇറത്താലി, അയൂബ് മേലെടത്ത്, പി.വൈ.ജോസ് തുടങ്ങിയവർ സംസാരിച്ചു.