മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കായ ജനങ്ങൾക്ക് പ്രയോജനം ലഭ്യമാകുന്ന വിധം ചികിത്സസൗകര്യമൊരുക്കാൻ പുതിയ മന്ദിരം ഒരുങ്ങുകയാണ്. പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിന് ഇതര സംസ്ഥാനങ്ങളിലെ എം.പി.മാരുടെ സംഭാവനയായി ലഭിച്ച തുകയിൽ നിന്ന് 50 ലക്ഷം രൂപയും, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് വാഴക്കുളത്ത് 110 ലക്ഷം രൂപ ചെലവിലാണ് പുതിയ മന്ദിര നിർമ്മാണം പുരോഗമിക്കുകയാണ്. പഞ്ചായത്തിന്റെ സ്വന്തം കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിലാണ് ആശുപത്രി ഇപ്പോൾ പ്രവർത്തിക്കുന്നത്.ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞള്ളൂർ പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതോടെ ഒ.പി. സമയം വൈകിട്ട് 6 വരെയാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ: ഒ ജയലക്ഷ്മി പറഞ്ഞു. ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് എൻ.എച്ച്.എം ഫണ്ട് 15,50,000 /- രൂപയും ഗ്രാമ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 5, 85,000/- രൂപയും കൂടി ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഇതര അടിസ്ഥാന പ്രവൃത്തികൾ നടക്കുന്നത് .എച്ച്.എൽ.എലാണ് നിർമ്മാണ ചുമതല. ആധുനിക സൗകര്യമുള്ള ലാബ്, ഫാർമസി, ഒ.പി സൗകര്യം, രോഗികൾക്കുള്ള വിശ്രമകേന്ദ്രം, ഡോക്ടർമാരുടെ മുറികൾ എന്നിവ താഴത്തെ നിലയിലും, ഒന്നാം നിലയിൽ കുട്ടികളുടെ കുത്തിവയ്പ്, ഫീൽഡ് സ്റ്റാഫ് റൂം, പാലിയേറ്റീവ് പരിചരണ വിഭാഗം, ഓഫീസ് മുറികൾ, കോൺഫറൻസ് ഹാൾ എന്നിവയും പ്രവർത്തിക്കാവുന്ന നിലയിലാണ് ക്രമീകരിക്കുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആശുപത്രിക്ക് 1 ഏക്കർ സ്ഥലമാണ് കൈവശമുള്ളത്. രോഗീസുഹൃദ കേന്ദ്രമായി മഞ്ഞള്ളൂർ ആശുപത്രി മാറുമെന്ന് എൽദോ എബ്രഹാം എം.എൽ.എ.യും, പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ.ജോർജും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കുടുംബാ രോഗ്യ കേന്ദ്രമായി ഉയർത്തിയ മാറാടി, പാലക്കുഴ പോത്താനിക്കാട് പി.എച്ച്.സി.കളുടെ നിർമ്മാണം ധ്രുതഗതിയിൽ നടന്നുവരികയാണെന്നും എൽദോഎബ്രഹാം.എം .എൽ .എ അറിയിച്ചു.