കോലഞ്ചേരി: മുടങ്ങിക്കിടക്കുന്ന മനയ്ക്കകടവ് - നെല്ലാട്, പട്ടിമ​റ്റം - പത്താംമൈൽ റോഡിന്റെ പുനർനിർമ്മാണത്തിനായി സി.പി.എം ജനകീയ പ്രക്ഷോഭത്തിലേയ്ക്ക്. ജില്ലയിലെ തന്നെ പ്രധാന റോഡുകളായ ഇവയുടെ പുനർനിർമ്മാണത്തിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 32.64 കോടി രൂപ അനുവദിച്ചിരുന്നു. റോഡ് വീതി കൂട്ടി ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. കരാർ ഏ​റ്റെടുത്ത് നിർമ്മാണം ആരംഭിച്ചെങ്കിലും എങ്ങുമെത്താതെ അവസാനിച്ചു.കൂടാതെ നിർമ്മാണം പൂർത്തിയാക്കാൻ പൊതുമരാമത്ത്, കെഎസ്ഇബി, വാട്ടർ അതോറിട്ടി വകുപ്പുകളെ ഏകോപിപ്പിക്കാനും കഴിയാതെ വന്നതോടെ റോഡ് നിർമ്മാണം മുടങ്ങി. പുനർ നിർമ്മാണത്തിനായി 16ന് ജനകീയ സമരം നടത്തുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എം പി വർഗീസ് അറിയിച്ചു. വൈകിട്ട് അഞ്ച് മുതൽ ആറ് വരെ വീട്ടൂർ, നെല്ലാട്, മഞ്ചനാട്, ചമ്പിലിപ്പടി, വലമ്പൂർ, ട്രാൻസ്‌ഫോമർ കവല, അത്താണി, പട്ടിമ​റ്റം, അഞ്ചാംമൈൽ പാലം, ഞാറള്ളൂർ, കിഴക്കമ്പലം മാർക്കറ്റ്, കിഴക്കമ്പലം ടൗൺ, സുനിതാപ്പടി, പള്ളിക്കര, വീഗാലാന്റ്, മനയ്ക്കക്കടവ്, പുളിച്ചോട്, ഇരുപ്പച്ചിറ, പാങ്കോട്, പത്താം മൈൽ. എന്നീ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ധർണയും വിശദീകരണ യോഗവും നടക്കും.