
കൊച്ചി: തിരുവനന്തപുരം എയർപോർട്ടിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ ഉൾപ്പെടെ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. അദാനി ഗ്രൂപ്പിന്റെയും കേന്ദ്ര സർക്കാരിന്റെയും വാദവും കേട്ടശേഷമാണിത്.
അദാനി ഗ്രൂപ്പ് ക്വോട്ട് ചെയ്ത അതേ തുകയ്ക്ക് തിരുവനന്തപുരം എയർപോർട്ട് ഏറ്റെടുക്കാൻ തയ്യാറാണെന്നും നടത്തിപ്പ് സംസ്ഥാന സർക്കാരിനു നൽകണമെന്നുമാണ് സർക്കാരിന്റെ വാദം. ടെണ്ടറിൽ പങ്കെടുത്തവർക്ക് പിന്നീട് ടെണ്ടർ വ്യവസ്ഥകളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.
സർക്കാരിനു വേണ്ടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ നൽകിയ ഹർജിക്കു പുറമേ എയർപോർട്ട് അതോറിറ്റി എംപ്ളോയീസ് യൂണിയൻ, മുൻമന്ത്രി എം. വിജയകുമാർ തുടങ്ങിയവരും ഹർജി നൽകിയിട്ടുണ്ട്.
നേരത്തെ സർക്കാരുൾപ്പെടെ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയിൽ നൽകിയ അപ്പീലുകളിൽ ഹർജികൾ വീണ്ടും ഹൈക്കോടതി പരിഗണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.