moidheen
ചൂർണിക്കര പഞ്ചായത്ത് ഏഴാം വാർഡിൽ നിർമ്മിച്ചിട്ടുള്ള വനിത വികസന കേന്ദ്രം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ചൂർണിക്കര പഞ്ചായത്ത് ഏഴാം വാർഡിൽ 22 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വനിത വികസന കേന്ദ്രം മന്ത്രി എ.സി മൊയ്തീൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബീന അലി, ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ, സ്ഥിരം സമിതി ചെയർമാൻമാരായ മനോജ് പട്ടാട്, പി.കെ. സതീഷ് കുമാർ, മുൻ പ്രസിഡന്റുമാരായ എ.പി. ഉദയകുമാർ, കെ.എ. അലിയാർ, സെക്രട്ടറി എ.വി. ഷാജി തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ മൊബൈൽ ആപ്പിലൂടെയും ഫെയ്‌സ് ബുക്ക് പേജിലൂടെയും ചടങ്ങ് കാണാൻ സംവിധാനം ഒരുക്കിയിരുന്നു. അതേസമയം, വഴി നീളെ സി.പി.എം പതാകകൾ കെട്ടി പാർട്ടി ചടങ്ങാക്കിയതിൽ പ്രതിഷേധിച്ച് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കേണ്ട അൻവർ സാദത്ത് എം.എൽ.എ, ബ്ളോക്ക് മെമ്പർ സി.പി. നൗഷാദ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് മെമ്പറുമായ രാജി സന്തോഷ് തുടങ്ങിയ കോൺഗ്രസ് പ്രതിനിധികൾ പരിപാടി ബഹിഷ്കരിച്ചു. സർക്കാർ പരിപാടി നടക്കുന്ന സ്ഥലത്ത് സി.പി.എം പതാകകൾ നാട്ടുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നാരോപിച്ചായിരുന്നു ബഹിഷ്കരണം. രണ്ട് വർഷം മുമ്പ് ഇവിടെ മറ്റൊരു ചടങ്ങ് നടന്നപ്പോൾ കോൺഗ്രസ് പതാകയുടെ നറിത്തിന് സമാനമായ തോരണം കെട്ടിയതിന്റെ പേരിൽ എം.എൽ.എയെ സി.പി.എമ്മുകാർ തടഞ്ഞിരുന്നു. അത് നീക്കം ചെയ്ത ശേഷമായിരുന്നു അന്ന് ഉദ്ഘാടനത്തിന് അനുവദിച്ചത്.ബഹിഷ്കരിച്ച കോൺഗ്രസ് വാർഡ് മെമ്പർ രാജി സന്തോഷും പ്രവർത്തകരും കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം നടത്തി.