
ആലുവ: കൊവിഡ് ഏറിയതോടെ ഇന്ന് ഉച്ച മുതൽ 13ന് ഉച്ചവരെ ആലുവ മാർക്കറ്റ് അടയ്ക്കും. അണുവിമുക്തമാക്കലാണ് ലക്ഷ്യം.
ഇന്നലെ വൈകിട്ട് പൊലീസ് വിളിച്ചു ചേർത്ത നഗരസഭ ആരോഗ്യ വിഭാഗം, വ്യാപാരികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം മൂന്ന് ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ മാർക്കറ്റിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് പ്രശ്നം. കളക്ടറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു യോഗം.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ചരക്ക് ലോറികളിലെ സാധനങ്ങൾ നീക്കുന്നതിനാണ് ഇന്ന് ഉച്ചവരെ സമയം അനുവദിച്ചിരിക്കുന്നത്. പച്ചക്കറി, മത്സ്യം, ഇറച്ചി മാർക്കറ്റുകൾക്ക് നിയന്ത്രണം ബാധകമാണ്. പഴയ മാർക്കറ്റ് ഭാഗത്തുള്ള പലചരക്ക് കടകൾക്ക് തുറക്കാം.
കൊവിഡ് വ്യാപനത്തെ തുടർന്ന് 41 ദിവസം പൂട്ടിയ ആലുവ പച്ചക്കറി മത്സ്യ മാർക്കറ്റ് ഒന്നര മാസം മുമ്പാണ് വീണ്ടും തുറന്നത്.
ഉപാധികളെല്ലാം വെറുതെയായി
കടുത്ത ഉപാധികളോടെയാണ് ആലുവ മാർക്കറ്റ് തുറക്കാൻ അനുമതി നൽകിയതെങ്കിലും ഉപാധികളെല്ലാം പിന്നീട് ലംഘിക്കുന്ന സ്ഥിതിയുണ്ടായി. 13 അംഗ ജാഗ്രത സമിതിയുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. സാമൂഹ്യ അകലം പാലിക്കാതെയും സാനിറ്ററൈസർ, രജിസ്റ്റർ എന്നിവ ഫലപ്രദമായി ഉപയോഗിക്കാതെയുമാണ് പല കച്ചവടക്കാരും പ്രവർത്തിച്ചത്. പൊലീസും റവന്യു വകുപ്പുമെല്ലാം പലവട്ടം സംയുക്ത പരിശോധന നടത്തി കുറ്റക്കാർക്കെതിരെ പിഴയിട്ടിരുന്നു. എന്നിട്ടും കച്ചവടക്കാരുടെ ഭാഗത്ത് നിന്നും ഫലപ്രദമായ നടപടിയുണ്ടാവാത്തതാണ് ചുമട്ടുതൊഴിലാളികളും കച്ചവടക്കാരനും ചായക്കടക്കാരനും ഉൾപ്പെടെ ആറ് പേർ കൊവിഡ് ബാധിതരായത്. ഇതിൽ രണ്ട് പേരുടെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും രോഗബാധിതരാണ്.