
കൊച്ചി: സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വയറ്റിൽ ചവിട്ടേറ്റ നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനില ഭദ്രമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറിയ താരം നാലഞ്ചു ദിവസം കൂടി നിരീക്ഷണത്തിൽ തുടരും.
നേരിയ തോതിലുണ്ടായ ആന്തരിക രക്തസ്രാവം നിലച്ചു. സി.ടി സ്കാനിൽ പിന്നീട് രക്തസ്രാവം കണ്ടെത്തിയില്ല. കുടലുകൾക്കുൾപ്പെടെ ഒരു അവയവത്തിനും പരിക്കില്ല. ആൻജിയോഗ്രാം പരിശോധനയും നടത്തി. സാധാരണനിലയിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത്, ഗ്യാസ്ട്രോ എൻറോളജി കൺസൾട്ടന്റ് ഡോ. മനോജ് കെ. അയ്യപ്പത്ത് എന്നിവർ അറിയിച്ചു.