ആലുവ: മരത്തിന് മുകളിൽ കയറിയിരിക്കുകയായിരുന്ന മലമ്പാമ്പിനെ മരത്തിൽക്കയറി പിടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പൊലീസ് ഒടുവിൽ മരക്കൊമ്പ് വെട്ടി താഴെയിട്ട് പിടികൂടി. ആലുവ - പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ അണ്ടിക്കമ്പനി ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.
മരത്തിൽ കയറിയ മലമ്പാമ്പിനെ കാണാൻ ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തടിച്ചുകൂടിയത് ആലുവ - മൂന്നാർ റോഡിൽ കുറേനേരം ഗതാഗതവും തടസപ്പെടുത്തി. പൊലീസ് ഏറെ പണിപ്പെട്ടാണ് നാട്ടുകാരെയും യാത്രക്കാരെയും ഒഴിവാക്കിയത്. കാഴ്ചക്കാർ കൂടുകയും ഗതാഗതക്കുരുക്ക് നീളുകയും ചെയ്യുമെന്നായപ്പോഴാണ് മരത്തിൽ ഏണിവച്ച് കയറി പാമ്പിനെ പിടിക്കാൻ പൊലീസ് തീരുമാനിച്ചത്. ആ ശ്രമം പരാജയപ്പെട്ടപ്പോൾ പാമ്പിരുന്ന മരച്ചില്ല വെട്ടിയിടുകയായിരുന്നു. അഞ്ചടിയിലേറെ നീളമുള്ള പാമ്പിനെയാണ് ഇവിടെ നിന്നും പിടികൂടിയത്. റോഡിൽ വീണ മരച്ചില്ലയ്‌ക്കൊപ്പം ഉണ്ടായിരുന്ന പാമ്പിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഒരാൾക്ക് കൈവെള്ളയിൽ കടിയുമേറ്റു. മലമ്പാമ്പിനെ ചാക്കിലാക്കി വനപാലകരെ ഏൽപ്പിച്ചു.