കോലഞ്ചേരി: സ്കൂളുകൾ തുറക്കൽ അനിശ്ചിതമായി നീണ്ടതോടെ സ്കൂൾ ബസ് ഡ്രൈവർമാരും ബസുകളിലെ ജീവനക്കാരുടേയും കാര്യം പ്രതിസന്ധിയിലാകുന്നു.കൊവിഡ് ഭീതിയൊഴിഞ്ഞ് സ്‌കൂളുകൾ തുറന്നാലും സ്‌കൂൾ ബസുകൾ എങ്ങനെ നിരത്തിലിറക്കുമെന്ന ആശങ്കയിലാണ് സർക്കാർ സ്‌കൂളുകളിലെ പി.ടി.എ ഭാരവാഹികൾ.

ചുരുക്കം ചില സർക്കാർ സ്‌കൂളുകളിലാണ് സ്‌കൂൾ ബസ് സൗകര്യം ഉള്ളത്. ഇത് എം.എൽ.എ ഫണ്ടിൽ നിന്നോ വിവിധ വ്യക്തികളോ, കമ്പനികളോ, സാംസ്കാരീക സംഘടനകളോ നൽകിയ ബസുകളായിരിക്കും. ബസിന്റെ അ​റ്റകു​റ്റപ്പണികളും ജീവനക്കാരുടെ വേതനവുമെല്ലാം സ്‌കൂൾ പി.ടി.എയാണ് വഹിക്കുന്നത്.

പരിമിതമായ ഫണ്ട് മാത്രമുള്ള പ്രൈമറി സ്‌കൂളുകളിൽ എങ്ങനെ ഈ തുക കണ്ടെത്തുമെന്നാണ് ഭാരവാഹികളുടെ ആശങ്ക. സന്നദ്ധപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുമായി സഹകരിച്ചാണ് ബസിന്റെ പ്രവർത്തനത്തിനുള്ള തുക പി.ടി.എ കണ്ടെത്താറുള്ളത്. ഇത്തവണ അതും സാധിക്കില്ല. ജീവനക്കാരുടെ കാര്യമാണ് മഹാകഷ്ടം. വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് റിട്ടയർ ചെയ്തവരോ, സ്വകാര്യ ബസുകളോടിച്ച് തഴക്കം വന്ന ശേഷം പ്രായാധിക്യത്താൽ മുഴുവൻ സമയ ഡ്രൈവിംഗിനു കഴിയാതെ വന്നവരൊക്കെയാണ് കുടുംബം പുലർത്താൻ ഗതികേടു കൊണ്ട് ഈ പണിയിലേയ്ക്ക് ഇറങ്ങി തിരിച്ചത്. ബസോട്ടം നിലച്ചതോടെ ഇവരുടെ ജീവിതവും ദുരിതമയമാണ്. താത്കാലീക ജീവനക്കാരായ ഇവർക്ക് പി.ടി.എ ഫണ്ടിൽ നിന്നും, അദ്ധ്യാപകർ തന്നെ ശമ്പളത്തിൽ നിന്നും നിശ്ചിത തുക നീക്കി വച്ചും, കുട്ടികളിൽ നിന്ന് വാങ്ങുന്ന ബസ് ഫീസിൽ നിന്നുമൊക്കെയാണ് പണം നല്കിയിരുന്നത്. ഇത്തരത്തിലൊന്നും പണം ശേഖരണം നടക്കാത്തതതും സ്കൂൾ തുറക്കാൻ ഇനിയും വൈകുന്നതും ഇവരുടെ ജീവിതത്തിലും കരിനിഴൽ വീഴ്ത്തും.

ഓടാതെ തകരാറിലായി

മാസങ്ങളോളം ഓടാതെ കിടന്നതോടെയാണ് ബസുകൾ തകരാറിലായത്. ഇനി ഭീമമായ തുക ചിലവഴിച്ചാൽ മാത്രമേ ബസുകൾ നിരത്തിലിറക്കാൻ സാധിക്കൂ. എയ്ഡഡ് സ്‌കൂളുകൾ മുതൽ സർക്കാർ സ്‌കൂളുകൾ വരെ സമാനപ്രതിസന്ധിയാണ് നേരിടുന്നത്. വാഹനങ്ങളുടെ ബാ​റ്ററിയും ടയറുകളും മാ​റ്റിയശേഷമേ ബസുകൾ ഇറക്കാനാവൂ. അനങ്ങാതെ കിടക്കുന്ന ബസുകൾ അനക്കിയെടുക്കാൻ പതിനായിരങ്ങൾ മുടക്കണം. കൂടാതെ ടാക്‌സ്, ഇൻഷ്വറൻസ് എന്നിവ അടയ്ക്കുന്നതിന് ഭാരിച്ച ചിലവുകളും വരും.