കൊച്ചി: എം.ജി.റോഡിലെ 1.16 ഏക്കർ പുറമ്പോക്ക് ഭൂമിയിൽ ഒരു സെന്റ് ഭൂമി പോലും ഫലപ്രദമായി ഉപയോഗിക്കാൻ കൊച്ചി കോർപ്പറേഷൻ ശ്രമിച്ചില്ലെന്ന് കൗൺസിലർ സുധ ദിലീപ് കുമാർ കുറ്റപ്പെടുത്തി. ഡി.എം.ആർ.സി, ഡി. കെ.എം.ആർ.എൽ, സി.എസ്.എം.എൽ തുടങ്ങിയ ഏജൻസികൾക്ക് ബസ്‌ബേ, മൾട്ടി ലെവൽ പാർക്കിംഗ്, നടപ്പാത , കേബിൾ ട്രക്, സൗന്ദര്യവത്കരണം തുടങ്ങിയ ജനോപകാരപ്രദമായ പദ്ധതികൾക്ക് നാളിതുവരെ ഈ സ്ഥലം പ്രയോജനപ്പെട്ടുത്തിയിട്ടില്ല. ഇതിൽ അധിക സ്ഥലവും സ്വകാര്യ വ്യക്തികൾ ടൈൽ വിരിച്ച് കൈയ്യേറിയിരിക്കുകയാണ്.പലയിടത്തും വീതിയേറിയ പുറമ്പോക്ക് സ്ഥലങ്ങൾ ധാരാളമുണ്ട്.
അമൃത് പദ്ധതിയിൽ ജോസ് ജംഗ്‌ഷൻ മുതൽ തേവര വരെയുള്ള ഭാഗത്തെ നിലവിലുണ്ടായിരുന്ന കാന ഉയരം കൂട്ടി ടൈൽ വിരിക്കുകയാണ് ചെയ്തത്. രണ്ട് വർഷം മുമ്പ് ഷേണായിസിന് വടക്കുവശമുള്ള സ്ഥലത്തെ പെട്ടിക്കടകൾ മാറ്റി സ്ഥാപിച്ചതും മരങ്ങൾ മുറിച്ചതും സ്വകാര്യ വ്യക്തികൾക്ക് വഴി നൽകാനായിരുന്നു. മതിൽ പണിയുവാൻ കോർപ്പറേഷന് സ്റ്റേ നിലനിൽക്കേ അവിടെ ഉണ്ടായിരുന്ന കമ്പിവേലി മുറിച്ച് മാറ്റിയത് മേയറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. ആ ഭാഗത്തെ അനധികൃത നിർമ്മാണങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിച്ചിട്ടില്ല. കോർപ്പറേഷൻ ഭരണം നിയന്തിക്കുന്ന റിയൽ എസ്റ്റേറ്റ് ലോബിയാണ് ഇതിന് പിന്നിൽ.പറവാനമുക്കിലെ കണ്ണായ സ്ഥലം നഷ്ടപ്പെട്ടതും ഇതേ ലോബിയുടെ സ്വാധീനം മൂലമാണ്. ഇക്കൂട്ടരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടമേയർ വസ്തതാവിരുദ്ധമായ പ്രസ്താവനകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഡിവിഷൻ കൗൺസിലർ കൂടിയായ സുധാ ദിലീപ് കുമാർ പറഞ്ഞു.