മൂവാറ്റുപുഴ: ഗാന്ധിയൻ ചിന്തകളും ആശയവും മുറകെ പിടിച്ച് ജീവിക്കുകയാണ് 77 കാരനായ ഗാന്ധിയൻ വാരിക്കാട്ട് മുഹമ്മദ്. 1943 ൽ ഇൗസ്റ്റ് വാഴപ്പിള്ളി ഗ്രാമത്തിൽ ജനിച്ച വാരിക്കാട്ട് മുഹമ്മദിന് 1948-ൽ ഗാന്ധി മരിക്കുമ്പോൾ 5 വയസായിരുന്നു. പിന്നീട് ഗാന്ധിയെകുറിച്ച് അറിയാനുള്ള കഠിന ശ്രമത്തിലായിരുന്നു. ഗാന്ധിയെ കുറിച്ചുള്ള അറിവുകൾ ലഭിക്കുന്തോറും മഹാത്മാവിനെ അനുകരിക്കുവാനുള്ള ശ്രമവും തുടങ്ങി. വാരിക്കാടൻ ഗാന്ധി ഇന്നറിയപ്പെടുന്ന വാരിക്കാട്ട് മുഹമ്മദ് ഇന്നും ഗാന്ധിയെ അനുകരിച്ചാണ് ജീവിക്കുന്നത്. വളരെ ചെറുപ്പത്തിൽ കർഷക കോൺഗ്രസ് പായിപ്ര മണ്ഡലം പ്രസിഡന്റായിരുന്നു. മൂല്യങ്ങളിൽ വിട്ടു വിട്ടുവീഴ്ച ചെയ്ത് സ്ഥാനമാനങ്ങൾ കൈക്കലാക്കാൻ താല്പര്യമില്ലാത്ത ഖദർ ധാരിയായിരുന്നു വാരിക്കാടൻ ഗാന്ധി. നാട്ടിൽ എന്തു വികസന പ്രവർത്തനം നടന്നാലും മുഹമ്മദിന്റെ സാന്നിദ്ധ്യം ഉണ്ടാകും. ഓർമ്മവച്ചനാൾ മുതൽ തന്റെ ഗ്രാമത്തിലെ അക്ഷര വെളിച്ചമായ പീപ്പിൾസ് ലൈബ്രറിയുടെ കമ്മറ്റിയംഗമാണ്. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഇടക്കിടെ വായിക്കുകയും, ഓർമ്മവച്ചനാൾ മുതൽ ധരിക്കുവാൻ തുടങ്ങിയ തൂവെള്ള ഖദർ വസ്ത്രവും ഇന്നും തുടരുന്നു.