മൂവാറ്റുപുഴ: പൊലീസ് സ്റ്റേഷൻ റോഡിൽ അനധികൃത പാർക്കിംഗ് മൂലം ആംബുലൻസ് അടക്കം റോഡിൽ കുടുങ്ങി.നഗരത്തിലെ തിരക്കേറിയ കച്ചേരിത്താഴത്തുനിന്ന് ആരംഭിക്കുന്ന കാവുംപടി റോഡിലെ അനധികൃത പാർക്കിംഗാണ് നാടിന് ദുരിതമാകുന്നത് .നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ കാവുംപടി റോഡിലെ അനധികൃത പാർക്കിംഗിനെതിരെ പരാതികളുയരാൻ തുടങ്ങിയിട്ട് നാളുകളായി. കോടതി സമുച്ചയം നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതം സുഗമമാക്കാൻ കോടതി വക ഭൂമി വിട്ടുകൊടുത്ത് വീതി കൂട്ടിയ റോഡാണിത്. കോടതിയിലേക്കും നഗരസഭയിലേക്കുമൊക്കെ എത്തുന്ന വാഹനങ്ങൾ റോഡിനിരുവശവും പാർക്കു ചെയ്യുന്നതോടെ റോഡിലൂടെ സുഗമമായുള്ള ഗതാഗതം തടസപ്പെടുകയാണ്. റോഡിനു നടുവിൽ വരെ വാഹനം പാർക്കു ചെയ്യുന്ന സ്ഥിതിയുമുണ്ട്.പത്തോളം കോടതികൾ പ്രവർത്തിക്കുന്ന കോടതിസമുച്ചയത്തിലേക്കെത്തുന്ന വാഹനങ്ങൾക്കു പാർക്ക് ചെയ്യാൻ ആവശ്യത്തിനു സൗകര്യമില്ലാത്തതിനാലാണ് റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
ഗതാഗതകുരുക്ക്
വളവുകളിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്ത് ഉടമകൾ പോകുന്നതു മൂലം റോഡിൽ ഗതാഗതക്കുരുക്ക് പതിവായിരിക്കുതയാണ്. കഴിഞ്ഞദിവസം ഇത്തരത്തിൽ വാഹനങ്ങൾപാർക്ക് ചെയ്ത് ഉടമകൾ പോയതോടെയാണ് ആംബുലൻസ് അടക്കം ഗതാഗതക്കുരുക്കിൽ പെട്ടത്. രാവിലെ മുതൽ നൂറുകണക്കിനു വാഹനങ്ങളാണ് റോഡിനിരുവശവുമായി പാർക്ക് ചെയ്യുന്നത്. റോഡിനിരുവശവുമുള്ള വ്യാപാര കേന്ദ്രങ്ങൾക്കും പാർക്കിംഗ് സൗകര്യമില്ല. ഇവിടെ എത്തുന്ന വാഹനങ്ങളെല്ലാം റോഡരുകിൽ തന്നെ പാർക്ക് ചെയ്യുകയാണ്.
പൊലീസ് സ്റ്റേഷൻ ഭാഗത്ത് തൊണ്ടി വാഹനങ്ങളും
മൂവാറ്റുപുഴ നഗരസഭ കാര്യാലയത്തിലും ആവശ്യമായ പാർക്കിംഗ് സൗകര്യമില്ല. പുഴക്കരക്കാവ് വരെ റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. പൊലീസ് സ്റ്റേഷൻ പരിസരത്തെത്തിയാൽ റോഡിന്റെ രണ്ടു വശങ്ങളിലും പൊലീസ് കേസുകളിലെ തൊണ്ടി വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതുമൂലം കാൽനടയാത്ര പോലും ദുരിതമാണ്.