neet

കൊച്ചി : കൊവിഡ് ബാധിച്ചതിനാൽ നീറ്റ് എഴുതാനാവാതെ പോയവർക്ക് എത്രയും വേഗം മറ്റൊരവസരം നൽകുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഹൈക്കോടതിയിൽ അറിയിച്ചു. സുപ്രീംകോടതി ഉത്തരവിനു വിധേയമായിട്ടാവും അവസരം നൽകുകയെന്നും പരീക്ഷയെഴുതാൻ യോഗ്യരാണെന്ന് വിദ്യാർത്ഥികൾ തെളിയിക്കണമെന്നും എൻ.ടി.എ വിശദീകരിച്ചു. സെപ്തംബർ 13ന് നടത്തിയ നീറ്റ് എഴുതാൻ കഴിഞ്ഞില്ലെന്നും മറ്റൊരു അവസരം അനുവദിക്കണമെന്നും അതുവരെ ഫലപ്രഖ്യാപനം തടയണമെന്നും ആവശ്യപ്പെട്ട് തലശേരി സ്വദേശിനിയായ ഒരു വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് എൻ.ടി.എ വിശദീകരണം നൽകിയത്. ഹർജിക്കാരിയടക്കമുള്ളവർക്ക് പരീക്ഷയെഴുതാൻ ഒരവസരംകൂടി ലഭിക്കുന്നതിനു മുമ്പ് ഫലം പ്രഖ്യാപിക്കുമെന്ന ആശങ്കയില്ലെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ച് ഹർജിയിൽ ഇടപെട്ടില്ല. നീറ്റ് എഴുതുന്ന മറ്റു വിദ്യാർത്ഥികളെ ബാധിക്കുമെന്നതിനാലാണ് കൊവിഡ് ബാധിതരെ പരീക്ഷയെഴുതിക്കേണ്ടെന്ന് സെപ്തംബർ 11നു ചേർന്ന ഉപദേശകസമിതിയോഗം തീരുമാനിച്ചതെന്ന് എൻ.ടി.എ വ്യക്തമാക്കി. രോഗികളായ കുട്ടികൾക്കു മറ്റൊരു അവസരം നൽകാനും തീരുമാനിച്ചിരുന്നു. ഇത്തരത്തിലുള്ളവർ അഡ്മിറ്റ് കാർഡിന്റെ പകർപ്പ്, സെപ്തംബർ 13ന് രോഗബാധിതരായിരുന്നെന്ന് തെളിയിക്കുന്ന ആശുപത്രി അധികൃതരുടെയോ കൊവിഡ് സെന്റർ അധികൃതരുടെയോ സർട്ടിഫിക്കറ്റ്, ഇപ്പോൾ കൊവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവ സഹിതം സെപ്തംബർ 23 നകം ഇൗ മെയിൽ വഴി അപേക്ഷ നൽകാനും നിർദേശിച്ചിരുന്നെന്ന് എൻ.ടി.എ വ്യക്തമാക്കി. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.