 
കൂത്താട്ടുകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി പ്രഖ്യാപനം സംസ്ഥാന തലത്തിൽ ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഖ്യാപിച്ചു. പിറവം നഗരസഭക്ക് ലഭ്യമായ ശുചിത്വ പദവി പുരസ്കാരം പിറവം നഗരസഭാ കൗൺസിലിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിൽ നിന്നും നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ്ബ് ഏറ്റുവാങ്ങി.നഗരസഭയുടെ മികച്ച ശുചീകരണ പ്രവർത്തനങ്ങളും ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ നടത്തിയ നടപടി ക്രമങ്ങളുടേയും,ഹരിത കർമ്മ സേന ഉൾപ്പെടെ മാലിന്യ സംസ്കരണത്തിനായി നടപ്പിലാക്കിയ ചിട്ടയായ പ്രവർത്തനങ്ങളുടേയും ഫലമാണ് പിറവം നഗരസഭയെ ജില്ലയിൽ ശുചിത്വ പദവിയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്.യോഗത്തിൽ നഗരസഭയിൽ എസ്.എസ്. എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂളിനുള്ള പുരസ്കാരം സെന്റ്.ജോസഫ് ഹൈസ്കൂളും, ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തിയ സ്കൂളിനുള്ള പുരസ്കാരം എം.കെ.എം.സ്കൂളും, നൂറ് ശതമാനം വിജയം കരസ്ഥമാക്കിയതിനുള്ള പുരസ്കാരം പിറവം ഗവ.ഹൈസ്കൂളും, നാമക്കുഴി ഗവ.ഹൈസ്കൂളും ഏറ്റു വാങ്ങി. യോഗത്തിൽ വൈസ് ചെയർപേഴ്സൺ അന്നമ്മ ടോമി,അരുൺ കല്ലറയ്ക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐഷാ മാധവൻ, കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, ബെന്നി. വി. വർഗ്ഗീസ്, സോജൻ ജോർജ്ജ്, ഉണ്ണി വല്ലയിൽ, തമ്പി പുതു വാക്കുന്നേൽ, പ്രസ് ക്ലബ് സെക്രട്ടറി എം. റ്റി. പൗലോസ്, നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ എന്നിവർ സംസാരിച്ചു.ശുചിത്വമിഷൻ കോഓർഡിനേറ്റർ സുജിത് കരുൺ മുഖ്യ പ്രഭാഷണം നടത്തി.