
കൊച്ചി: ഇടപ്പള്ളി അഞ്ചുമനയിൽ പി.ടി.തോമസ് എം.എൽ.എയുടെ മദ്ധ്യസ്ഥതയിൽ നടന്ന ഭൂമിവില്പന ഇടപാടിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമസഭാംഗം മദ്ധ്യസ്ഥതവഹിച്ചത് ഗുരുതരമായ ക്രമക്കേടാണ്. രജിസ്ട്രേഷൻ വകുപ്പിന് എട്ടു ലക്ഷംരൂപയുടെ നഷ്ടമുണ്ടാകുമെന്നത് എം.എൽ.എയ്ക്ക് അറിവുള്ളതാണ്. ഒരു കോടി 3 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ഇരുകക്ഷികളും ധാരണയായശേഷം 80 ലക്ഷമായി കുറച്ചതിലും പണം നേരിട്ട് കൈമാറാൻ തീരുമാനിച്ചതിലും ദുരൂഹതയുണ്ട്. പി.ടി.തോമസ് എം.എൽ.എസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. എം.എൽ.എയുടെ മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം.
അതേസമയം, പി.ടി.തോമസിനൊപ്പം മദ്ധ്യസ്ഥം വഹിക്കാനെത്തിയ സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ഗിരിജൻ ഒന്നുമറിയാത്ത നിഷ്കളങ്കനാണെന്നായിരുന്നു സെക്രട്ടറിയുടെ ന്യായീകരണം.
# കള്ളപ്പണ ആരോപണം നിഷേധിച്ച് പി.ടി. തോമസ്
കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്ന ആരോപണം പി.ടി.തോമസ് എം.എൽ.എ നിഷേധിച്ചു.
കമ്യൂണിസ്റ്റ് നേതാവ് ദിനേശന്റെ കുടുംബത്തിന്റെ മൂന്ന് സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ മദ്ധ്യസ്ഥത വഹിക്കാനാണ് പോയത്. ദിനേശന്റെ മക്കളായ രാജീവനും ദിലീപും ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലം എം.എൽ.എ എന്ന നിലയിലാണ് ഇടപെട്ടത്.
സി.ഐ.ടി.യു നേതാവ് കെ.എം.രവീന്ദ്രനാഥിന്റെ സഹോദരിയുടെ കുടികിടപ്പുകാരായിരുന്നു ഈ കുടുംബം. 40 വർഷമായി ഇവിടെയാണ് താമസം. പട്ടയമില്ല. 1998ൽ സ്ഥലം വാങ്ങിയ വി.എസ്. രാമകൃഷ്ണൻ ഒഴിയണമെന്ന് ആവശ്യപ്പെട്ടു.
താൻ ഇരുകൂട്ടരുമായി നടത്തിയ ചർച്ചയിലെ ധാരണപ്രകാരം മാതാവ് തങ്കമണിക്കും രണ്ട് ആൺമക്കൾക്കും 38 ലക്ഷം, 25 ലക്ഷം,17 ലക്ഷം വീതം നൽകാൻ കരാർ ഒപ്പുവച്ചു. തുക അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കാമെന്നായിരുന്നു ധാരണ. സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കരാർ.
പുറത്തിറങ്ങിയപ്പോഴാണ് ആദായ നികുതി വകുപ്പിൽ നിന്ന് ചിലർ വന്നത്. രാമകൃഷ്ണന്റെ പക്കൽ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തതായി പിന്നീട് അറിഞ്ഞു.നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.