
കോലഞ്ചേരി: കേരള പൊലീസ് നടപ്പാക്കിയ സ്വയം പ്രതിരോധ പരിശീലനം പൂർത്തിയത് 13 ലക്ഷം സ്ത്രീകളും കുട്ടികളും. 2015 ലാണ് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ട് പദ്ധതി ആരംഭിച്ചത്. ഇസ്രയേലിയൻ കമാൻഡോകൾ പരിശീലിക്കുന്ന ഏറ്റവും അപകടകരമായ പ്രതിരോധകലയായ 'ക്രാവ് മാഗ' അടിസ്ഥാനമാക്കിയായിരുന്നു പരീശീലനം.
തിരഞ്ഞെടുക്കപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു പരിശീലകർ. ഇതിനായി ഓരോ ജില്ലയിലും നാലു മാസ്റ്റർ ട്രെയിനർമാരെ നിയമിച്ചിരുന്നു. ഒരാൾക്ക് 20 മണിക്കൂർ പരിശീലനമാണ് നൽകിയത്. ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂർ വീതമായിരുന്നു ട്രെയ്നിംഗ്. ഓരോ ടീമിന്റെയും സൗകര്യം അനുസരിച്ചായിരുന്നു പരിശീലനം.
അതിക്രമസാഹചര്യങ്ങളിൽ കൂടുതൽ ഊർജം നഷ്ടമാകാതെ അക്രമിയെ കീഴ്‌പെടുത്തുന്നതിനാവശ്യമായ ലഘുവിദ്യകൾ. മാലപൊട്ടിക്കൽ, ബാഗ് തട്ടിപ്പറിക്കൽ, ശാരീരികമായ അക്രമണങ്ങൾ, ലൈംഗികമായി ഉപദ്റവിക്കാനോ കീഴ്‌പെടുത്താനോവുള്ള ശ്രമം, ആസിഡ് അക്രമണം തുടങ്ങി വിവിധ സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന അഭ്യാസമുറകളാണ് പരിശീലിപ്പിച്ചിരുന്നത്.
പരിശീലനത്തിലൂടെ സ്വയം സുരക്ഷിതരാകാനുള്ള ആത്മവിശ്വാസം തങ്ങൾ കൈവരിച്ചതായി സ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു. അക്രമങ്ങളെ മുൻകൂട്ടി തിരിച്ചറിയുക, അത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ പകർന്നു നൽകുക, അക്രമ സാഹചര്യങ്ങളിൽ മനോധൈര്യത്തോടെ അക്രമിയെ നേരിടുന്നതിന് മാനസികവും കായികവുമായി സജ്ജരാകാൻ പരിശീലനത്തിലൂടെ ലഭിച്ചതായും ഇവർ പറയുന്നു.
ക്രാവ് മാഗ
എക്കിഡോ, ബോക്സിംഗ്, റെസ്ലിംഗ്,ജൂഡോ, കരാട്ടെ എന്നിവയിലെ ടെക്നിക്കളും, ആയോധനമുറകളും ഒത്തു ചേരുന്നതാണ് ക്രാവ് മാഗ. ആയുധമില്ലാതെ സ്വയം പ്രതിരോധിക്കാനും അക്രമിയെ നിശ്ചലനാക്കാനുമുള്ള പരിശീലനമാണ് ഇതിൽ നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന അക്രമണങ്ങളെ ഇതിലൂടെ പ്രതിരോധിക്കാനാവും.