നെടുമ്പാശേരി: കാൻസർ ബാധിതയായ ജൂലിക്കും മകൾ അനന്യക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ കമ്മിറ്റി വീടൊരുക്കും. ജൂലിയും ഏക മകൾ അനന്യയും കളമശേരിയിൽ വാടകവീട്ടിലാണ് താമസം.
ജൂലിക്ക് രണ്ടര വയസുള്ളപ്പോൾ കാൻസർ ബാധിച്ച മാതാവും അടുത്ത വർഷം അപകടത്തിൽ പിതാവും മരിച്ചു. ആറുവർഷം മുമ്പാണ് തന്നെയും അമ്മയെ കൊണ്ടുപോയ അതേരോഗം ബാധിച്ചതായി ജൂലി അറിഞ്ഞത്. തുടർന്നാണ് വിധിയെ തോൽപ്പിക്കാനുള്ള മനക്കരുത്ത് മാത്രം കൈമുതലാക്കി പൊരുതാനുള്ള ജൂലിയുടെ ശ്രമങ്ങൾക്കാണ് വ്യാപാരികൾ സഹായഹസ്തവുമായി എത്തുന്നത്. നിലവിൽ ചികിത്സക്കുള്ള പണം നാട്ടുകാരും വിവിധ സ്ഥാപനങ്ങളുമാണ് നൽകുന്നത്. ജനസേവ ചെയർമാൻ ജോസ് മാവേലി നടപ്പിലാക്കിയ ജനസേവ കാരുണ്യ പദ്ധതി പ്രകാരം ജൂലിക്ക് വീട് വയ്ക്കുന്നതിന് നാല് സെന്റ് സ്ഥലം നെടുമ്പാശേരി മേക്കാട് ലഭിച്ചിട്ടുണ്ട്. ഇതിനിടെ വീട് വെയ്ക്കുന്നതിനായി വിവിധ വ്യക്തികളും സ്ഥാപനങ്ങളും നൽകിയ ഒരു ലക്ഷത്തോളം രൂപ ആശുപത്രി ചെലവുകൾക്കായി വേണ്ടിവന്നു. ഇതേതുടർന്നാണ് കെ.വി.വി.ഇ.എസ് മേഖല കമ്മിറ്റി ഭവന നിർമാണ പദ്ധതി ഏറ്റെടുത്തത്. വ്യാപാരികൾ മറ്റ് സംഘടനകളുടെ സഹായത്തോടെയാണ് ഈ പദ്ധതി പൂർത്തീകരിക്കുന്നത്.സമിതി മേഖല കമ്മിറ്റിയുടെ വിവിധ ക്ഷേമപദ്ധതികൾ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായി. ആലുവ അസിസ്റ്റന്റ് രജിസ്ട്രാർ സി. എക്‌സ്. ഗീത, മെമ്പർ സി.വൈ. ശാബോർ, ഭാരവാഹികളായ കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ഷാജി മേത്തർ, പി. കെ. എസ്‌തോസ്, പി.ജെ. ജോയി, ബിന്നി തരിയൻ, വി.എ. ഖാലിദ്, എം.കെ. മധു എന്നിവർ സംസാരിച്ചു.