
കൊച്ചി : നയതന്ത്രചാനൽ സ്വർണക്കടത്തു കേസിൽ ഉന്നത സ്വാധീനമുള്ള വ്യക്തികളിലേക്ക് തങ്ങൾ അടുക്കുകയാണെന്നും മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് മൊഴിപ്പകർപ്പ് നൽകുന്നത് ഇവരിലേക്കുള്ള അന്വേഷണം തടസപ്പെടുത്തുമെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ അറിയിച്ചു.
കസ്റ്റംസ് ആക്ടിലെ സെക്‌ഷൻ 108 പ്രകാരം രേഖപ്പെടുത്തിയ തന്റെ മൊഴിയുടെ പകർപ്പിനായി സ്വപ്ന നൽകിയ അപേക്ഷ എറണാകുളം അഡി. സി.ജെ.എം കോടതി നിരസിച്ചിരുന്നു. ഇതിനെതിരെ സ്വപ്ന നൽകിയ ഹർജിയിലാണ് കസ്റ്റംസിന്റെ വിശദീകരണം.
സ്വപ്നയ്‌ക്ക് അധികാരകേന്ദ്രങ്ങളിൽ അപാരമായ സ്വാധീനമുണ്ട്. സമൂഹത്തിൽ സ്വാധീനവും ഉന്നതപദവികളുമുള്ള വ്യക്തികളെക്കുറിച്ച് മൊഴിയിലുണ്ട്. പല രാഷ്ട്രീയ നേതാക്കളുമായും വിദേശപ്രതിനിധികളുമായും തനിക്ക് ബന്ധമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. മാദ്ധ്യമങ്ങൾ പുറത്തുവിട്ട ചടങ്ങുകളുടെ ദൃശ്യങ്ങളിൽ ഇതു വ്യക്തമാണ്. കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയർന്ന രാഷ്ട്രീയ,പൊതുവ്യക്തികളിലേക്കും എത്താനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ഇന്ത്യയിലും പുറത്തുമുള്ളവർ ഇതിലുണ്ട്.വിദേശത്തടക്കം അന്വേഷണം പുരോഗമിക്കുമ്പോൾ മുഖ്യപ്രതികളിലൊരാളായ സ്വപ്നയുടെ മൊഴി പുറത്തുവരുന്നത് ഇവരിലേക്കെത്താനുള്ള കസ്റ്റംസിന്റെ നീക്കത്തെ തകർക്കും.
സുരക്ഷാഭയത്താൽ സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് മൊഴി മുദ്രവെച്ച കവറിൽ കോടതിയിൽ നൽകിയത്. ഇപ്പോഴും സ്ഥിതിക്ക് മാറ്റമില്ലാത്തതിനാൽ മൊഴി പുറത്തുവരുന്നത് അവരുടെ സുരക്ഷയെ ബാധിക്കും. അന്വേഷണഘട്ടത്തിൽ മൊഴിപ്പകർപ്പ് പ്രതികൾക്കു നൽകുന്നത് ക്രിമിനൽ നടപടി ചട്ടവും ഇന്ത്യൻ തെളിവുനിയമവും തടയുന്നുണ്ട്. സ്വപ്നയടക്കമുള്ള പ്രതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു കോടതി രേഖകളുടെ ഭാഗമാക്കിയിട്ടില്ലെന്നും വിശദീകരണ പത്രികയിൽ പറയുന്നു. സ്വപ്നയുടെ ഹർജി ഒക്ടോബർ 12ന് സിംഗിൾബെഞ്ച് പരിഗണിക്കും.