ആലുവ: ആലുവ ഫ്ളൈഓവറിന് താഴെ അണ്ടർ പാസേജിൽ വാഹന യാത്രക്കാരുടെ കൺഫ്യൂഷൻ നീക്കാൻ ഒടുവിൽ ദിശാ സൂചക ബോർഡുകൾ സ്ഥാപിച്ചു. മാർക്കറ്റ്, തൈനോത്ത് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനായി തിരിയുന്നതിനും സഹായകരമായ ദിശാ സൂചക ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കളമശേരി ഭാഗത്ത് നിന്നും നഗരത്തിലേക്ക് പ്രവേശിക്കുന്നതിനായി വരുന്ന വാഹനങ്ങൾ പുളിഞ്ചോട് നിന്നും പാലത്തിന് സമാനന്തരമായുള്ള പാരലൽ റോഡ് വഴിയാണ് വരുന്നത്. ഈ വാഹനങ്ങൾ മാർക്കറ്റിന് സമീപം വലത്തേക്ക് തിരിഞ്ഞ് പാലത്തിന്റെ വലതുവശത്തെ സമാന്തര റോഡ് വഴി ബൈപ്പാസിലെത്തിയാണ് നഗരത്തിലേക്ക് പോകേണ്ടത്. അതേസമയം നഗരത്തിൽ നിന്നും അങ്കമാലി, പറവൂർ, എടയാർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസിൽ നിന്നും മെട്രോക്ക് മുമ്പിലെ സമാന്തര റോഡ് വഴി മാർക്കറ്റിന് സമീപമെത്തി വലത്തേക്ക് തിരിഞ്ഞാണ് ദേശീയപാതയിൽ പ്രവേശിക്കേണ്ടത്. ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങൾ അണ്ടർ പാസേജിൽ തിരിയേണ്ട ഭാഗം എതെന്ന സംശയമാണ് വാഹനയാത്രക്കാരെ ആശയകുഴപ്പത്തിലാക്കുന്നത്. ഇരു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഒരേട്രാക്ക് വഴി തിരിയാൻ ശ്രമിക്കുന്നത് അപകടത്തിനും ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ദിശാ സൂചക ബോർഡുകൾ വേണമെന്ന ആവശ്യം ഉയർന്നത്.
സമീപവാസികൾ നഗരസഭ കൗൺസിലർ വി. ചന്ദ്രൻ മുഖേന ട്രാഫിക്ക് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മാർക്കറ്റിലെ പച്ച മത്സ്യ മൊത്ത വിൽപന വ്യാപാരി സുബിൻ ഡൊമിനിക്ക് ബോർഡുകൾ നിർമ്മിച്ചു നൽകിയത്. ട്രാഫിക്ക് എസ്.ഐ യു.എസ്. അബ്ദുൽ കരീം, കൺട്രോൾ റൂം എസ്.ഐ മുഹമ്മദ് കബീർ, എ.എസ്.ഐ സി.കെ. അനിൽകുമാർ, വാർഡ് കൗൺസിലർ വി ചന്ദ്രൻ, പി.എച്ച്.എം ത്വൽഹത്ത് എന്നിവർ സംസാരിച്ചു.
ദിശാ സൂചക സ്ഥാപിച്ചത് ആശയകുഴപ്പം കാരണം
നഗരത്തിൽ നിന്നും അങ്കമാലി, പറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കളമശേരി ഭാഗത്ത് നിന്നും ആലുവ നഗരത്തിലേക്ക് വരുന്ന വാഹനങ്ങളും തിരിയുന്ന ഭാഗത്ത് ദിശാ സൂചക ബോർഡുകൾ ഇല്ലാതിരുന്നതാണ് ആശയകുഴപ്പത്തിനും അപകടങ്ങൾക്കും വഴിയൊരുക്കിയിരുന്നത്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ ആലുവ ട്രാഫിക്ക് പൊലീസാണ് ബോർഡുകൾ സ്ഥാപിച്ചത്.