story

കൊച്ചി: മെരിറ്റ് ക്വോട്ടയിലെത്തിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്‌കൂൾ / വിഷയം മാറ്റത്തിന് അവസരം നിഷേധിച്ച് പ്ളസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടി ആരംഭിച്ചപ്പോൾ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത് 43,​528 സീറ്റുകൾ. സയൻസ് വിഭാഗത്തിൽ 21,​541, കൊമേഴ്‌സിൽ 12,​648, ഹ്യുമാനിറ്റീസിൽ 9,​339 മെറിറ്റ് സീറ്റുകളാണ് ഒഴിവുള്ളത്. ഇന്നലെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി.

ആദ്യ രണ്ട് അലോട്ട്മെന്റിൽ തന്നെ ഒട്ടുമുക്കാൽ സീറ്റും ഫില്ലായതിനാൽ സപ്ളിമെന്ററി അലോട്ട്മെന്റിന് ശേഷം ഉയർന്ന ഓപ്ഷന് അവസരം നൽകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.

അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ, വി.എച്ച്.എസ്.ഇ ഉൾപ്പെടെ മറ്റു കോഴ്സുകളിൽ പ്രവേശനം നേടിയവർ, ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവർ എന്നിവർ ഒഴിവായപ്പോഴാണ് മുഖ്യ അലോട്ട്മെന്റുകൾക്ക് ശേഷം ഇത്രയും സീറ്റ് ബാക്കിയായത്. ഇതു കണക്കാക്കി സ്‌കൂൾ / വിഷയം മാറ്റത്തിന് അവസരം നൽകിയ ശേഷം സപ്ളിമെന്ററി അലോട്ട്മെന്റ് നടത്തുകയായിരുന്നു പതിവ്. അതാണ് ഇത്തവണ തെറ്രിച്ചത്. സീറ്റ് ഒഴിവുണ്ടാകും എന്നറിയാമായിരുന്നിട്ടും അനാവശ്യ ധൃതി കാണിച്ചതിനാൽ രണ്ടാം അലോട്ട്‌മെന്റ് നേടിയവർക്ക് ഉയർന്ന ഓപ്ഷന് അപേക്ഷിക്കാനുള്ള അവസരമാണ് നഷ്ടമാക്കിയത്. സയൻസിന് താത്പര്യമുണ്ടായിട്ടും മെരിറ്റ് കുറഞ്ഞതിനാൽ കൊമേഴ്‌സിലോ ഹ്യുമാനിറ്റീസിലോ ചേർന്നവരുണ്ട്. ഇവർക്ക് കോഴ്‌സും സ്‌കൂളും മാറാൻ പറ്റാതായി.

അഡ്മിഷൻ കിട്ടാത്തവർ, അപേക്ഷിക്കാത്തവർ, അപേക്ഷയിൽ തെറ്റുസംഭവിച്ചവർ തുടങ്ങിയവർക്കാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനാകുക.

 ആകെ സീറ്റ്: 2,​80,​212

 ഒന്നാം അലോട്ട്മെന്റിനുശേഷം ഒഴിഞ്ഞുകിടന്നത്: 57,​878

 രണ്ടാം അലോട്ട്മെന്റിനുശേഷം: 682

 നിലവിൽ: 43,​528

സപ്ലിമെന്ററി അലോട്ട്‌മെന്റ് സീറ്റിലേക്കുള്ള ഒഴിവുകൾ

ജില്ല, സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, ആകെ

തിരുവനന്തപുരം: 1370, 580, 441, 2391
കൊല്ലം: 1177, 861, 624, 2662
പത്തനംതിട്ട: 1328, 872, 583, 2783
ഇടുക്കി: 781, 671, 527, 1979
കോട്ടയം: 1852, 636,782,3270
ആലപ്പുഴ: 1480, 923, 565, 2968
എറണാകുളം: 2205, 1184, 685, 4074
പാലക്കാട്: 1690, 749, 629, 3068
തൃശൂർ: 2308, 1025, 767, 4100
മലപ്പുറം: 2386, 1885, 1047, 5318
കോഴിക്കോട്: 1923, 1498, 1090, 4511
വയനാട്: 575, 344, 300, 1219
കണ്ണൂർ: 1739, 943, 824, 3506
കാസർകോട്: 727, 477, 475, 1679
ആകെ: 21541, 12648, 9339, 43528