പറവൂർ: സി.പി.ഐ നേതാവ് ടി.വി. അശോകന്റെ മൃതദേഹം പാർട്ടി ബഹുമതികളോടെ ചേന്ദമംഗലം തെക്കേതുരുത്ത് തൈപ്പുര വീട്ടുവളപ്പിൽ സംസ്കരിച്ചു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ടി.വി. അശോകൻ നിരവധി ചെത്ത് തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ദീർഘകാലം പറവൂർ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി പ്രസിഡന്റ്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം. പറവൂർ താലൂക്ക് തൊഴിലാളി വിവിധോദേശ സഹകരണ സംഘം പ്രസിഡന്റ്, ചെത്ത് തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗമായും. മദ്യ വ്യവസായ തൊഴിലാളി യൂണിയൻ, നിർമ്മാണ തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടേയും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. മധു, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, കമലാ സദാനന്ദൻ, എസ്. ശ്രീകുമാരി, എം.ടി .നിക്സസൺ, കെ.ബി. അറുമുഖൻ, കെ.എം. ദിനകരൻ, കെ.പി. വിശ്വനാഥൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.