കോട്ടയം: യു.ജി.സി. ദേശീയ നൈപുണ്യ യോഗ്യത ഫ്രെയിംവർക്ക് പദ്ധതി പ്രകാരം മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട്‌ടേം പ്രോഗ്രാംസ് പുതുതായി ആരംഭിക്കുന്ന നൈപുണ്യ വികസന സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസത്തെ സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, ഒരുവർഷത്തെ ബേക്കറി ആന്റ് കോൺഫെക്ഷണറി ഡിപ്ലോമ, ഡേറ്റ ആന്റ് ബിസിനസ് അനലെറ്റിക്‌സ്, ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി അഷ്വറൻസ് പി.ജി. ഡിപ്ലോമ എന്നി​വയാണ് കോഴ്സുകൾ.

www.dasp.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ 18 വരെ അപേക്ഷിക്കാം.

സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗിനും ഡിപ്ലോമ ഇൻ ബേക്കറി ആന്റ് കോൺഫെക്ഷണറിക്കും പ്ലസ്ടുവാണ് യോഗ്യത. പി.ജി. ഡിപ്ലോമ ഇൻ ഡേറ്റ ആന്റ് ബിസിനസ് അനലെറ്റിക്‌സിന് സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി., അനുബന്ധ വിഷയങ്ങളിൽ ബിരുദമാണ് യോഗ്യത. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ പ്ലസ്ടു തലത്തിലോ ബിരുദതലത്തിലോ പഠിച്ചിരിക്കണം.

പി.ജി. ഡിപ്ലോമ ഇൻ ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി അഷ്വറൻസിന് ഫുഡ് സയൻസ് ആന്റ് ന്യൂട്രിഷൻ, ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, കെമിസ്ട്രി എന്നിവയിലുള്ള ബി.എസ് സി., ബി.വോക്, എം.എസ് സി. അല്ലെങ്കിൽ ഫുഡ് ടെക്‌നോളജി, ബയോടെക്‌നോളജി, ലൈഫ് സയൻസിൽ 50 ശതമാനം മാർക്കോടെ ബി.ടെക്, എം.ടെക് ജയമാണ് യോഗ്യത. 30 സീറ്റാണുള്ളത്. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ: ഫോൺ: 04812731066.