അങ്കമാലി: ചാലക്കുടി റിവർ ഡൈവേർഷൻ സ്‌കീമിൽ ഉൾപ്പെട്ട ഇടതുകര മെയിൻ കനാലിന്റെ നവീകരണത്തിനായി 32 ലക്ഷം രൂപ അനുവദിച്ചതായി അങ്കമാലി എം.എൽ.എ റോജി എം. ജോൺ അറിയിച്ചു. 2018 ലെ പ്രളയത്തിൽ ഇടതുകര കനാലിന്റെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തോട് ചേർന്ന ഭാഗം തകർന്ന് പോയിരുന്നു. ഈ ഭാഗം മണൽചാക്കുകൾ നിരത്തിയും, താത്കാലിക അറ്റകുറ്റപണികൾ നടത്തിയുമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ജലസേചനത്തിനായി ഉപയോഗിച്ച് വന്നിരുന്നത്. ഇതിന്റെ സ്ഥിരമായ പുനർനിർമ്മാണത്തിനായി 4.5 കോടി രൂപ ജലസേചന വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ റീബിൽഡ് കേരള പദ്ധതിയുടെ ഹൈലെവൽ കമ്മിറ്റി ചേർന്ന് അതിന് അന്തിമ അനുമതി നൽകാത്ത സാഹചര്യത്തിൽ ഇടതുകര കനാലിലൂടെയുള്ള ജലവിതരണത്തിന് കാലതാമസം ഉണ്ടാകാതിരിക്കാനാണ് എം.എൽ.എ ഇടപെട്ട് താത്കാലിക അറ്റകുറ്റപണികൾക്കായി തുക അനുവദിച്ചിരിക്കുന്നത്.