muthalib
ശുചിത്വ പദവി സാക്ഷ്യപത്രവും ഫലകവും ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ എന്നിവർക്ക് കൈമാറുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിനെ സംസ്ഥാന സർക്കാരിന്റെ ശുചിത്വ ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തു. 20 നിബന്ധനകൾ സൂചകമായി നിശ്ചയിച്ചിട്ടുള്ള സർക്കാർ ഉത്തരവ് അനുസരിച്ചാണ് ശുചിത്വ പദവി നിർണയം നടത്തിയത്. 100 ൽ 60 മാർക്ക് നേടിയവരെയാണ് ശുചിത്വ പദവിയ്ക്കായി തിരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2016ൽ ആവിഷ്‌കരിച്ച 'ക്ലീൻ കീഴ്മാട്' പദ്ധതിയാണ് സർക്കാർ അംഗീകാരത്തിന് വഴിയൊരുക്കിയത്. 35 അംഗ ഹരിതകർമ്മ സേന രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.ശുചിത്വ പദവി സാക്ഷ്യപത്രവും ഫലകവും ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശിന് കൈമാറി. കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കുഞ്ഞുമുഹമ്മദ് സെയ്താലി, എം.ഐ. ഇസ്മായിൽ, കെ.പി. അംബിക, ബിനി ഐപ് എന്നിവർ സംസാരിച്ചു.

ആലുവ നഗരസഭക്കും അംഗീകാരം

ആലുവ നഗരസഭക്കും സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി പുരസ്കാരം ലഭിച്ചു. ഓൺലൈൻ മുഖേന മുഖ്യമന്ത്രി പിണറായി വിജയനാണ് അംഗീകാരം നൽകിയത്. നഗരസഭയിൽ നടന്ന ചടങ്ങിൽ അസി. ഡെവലപ്മെന്റ് കമ്മീഷണർ ജനറൽ എസ്. ശ്യാമലക്ഷ്മിയിൽ നിന്നും നഗരസഭ ചെയർപേഴ്സൺ സി. ഓമന സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സ്റ്റാന്റിംഗ കമ്മിറ്റി ചെയർമാന്മാരായ ടിമ്മി ബേബി, ജെറോം മൈക്കിൾ, വി. ചന്ദ്രൻ, രാജീവ് സക്കറിയ, സെക്രട്ടറി ടോബി തോമസ് എന്നിവർ സംസാരിച്ചു.