പറവൂർ: സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷനും ശുചിത്വ മിഷനും ജൈവ - ഖര മാലിന്യ സംസ്കരണ സംവിധാനം സജ്ജമാക്കിയതിനുള്ള ശുചിത്വ പദവി ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ഗ്രാമപഞ്ചായത്തതിർത്തിയിലെ 18 വാർഡുകളിലായി പ്രവർത്തിച്ചു വരുന്ന 53 അംഗ ഹരിത കർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യ അജൈവ വസ്തുക്കൾ ശേഖരിപ്പിക്കുന്നത്. ശേഖരിച്ച മാലിന്യങ്ങൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ കളക്ഷൻ സെന്ററിൽ എത്തിച്ച് തരം തിരിച്ചതിനു ശേഷം ബെയിലിങ്ങും ഷ്രെഡിങ്ങും ചെയ്ത് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്. കൊവിഡ് മഹാമാരിക്കാലത്തും വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിച്ച നാല് ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ജൈവ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 5000 വീടുകൾക്ക് കിച്ചൻ കമ്പോസ്റ്റ് ബിൻ നൽകുന്നതിനുള്ള നടപടിയുമായി പഞ്ചായത്ത് മുന്നോട്ട് പോകുകയാണ്. ശുചിത്വ പദവി 2020 പ്രഖ്യാപനത്തോടനുബന്ധിച്ച് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ശുചിത്വ മിഷൻ എറണാകുളം ജില്ലാ മേധാവി എം.എച്ച്. ഷൈനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് ശുചിത്വ പദവി സാക്ഷ്യപത്രം ഏറ്റു വാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിത സ്റ്റാലിൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ എ.എം. ഇസ്മയിൽ, ലീന വിശ്വൻ, പഞ്ചായത്തംഗങ്ങളായ അനിൽകുമാർ, ബബിത ദിലീപ്, റിനു ഗിലീഷ്, ഷീല ജോൺ, ബിൻസി സോളമൻ, കെ.എ. ഉണ്ണികൃഷ്ണൻ, പി.എ. രാജേഷ് എന്നിവരും കുടുംബശ്രീ ഹരിത കർമ്മ സേന അംഗങ്ങളും പങ്കെടുത്തു.