
കൊച്ചി:സാമ്പത്തിക കുറ്റങ്ങൾ തടയാനുള്ള കൊഫേ പോസ ചുമത്തിയതോടെ നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ചുരുങ്ങിയത് ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കും. ഇരുവരെയും സെൻട്രൽ ജയിലുകളിലെ കൊഫേപോസ സെല്ലുകളിലേക്ക് മാറ്റും.
കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇരുവർക്കുമെതിരെ കോഫേപോസ ചുമത്തണമെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്ക് ശുപാർശ നൽകിയത്. ഇത് പരിശോധിച്ച മൂന്നംഗ കോഫേപോസ ബോർഡാണ് ഉത്തരവിറക്കിയത്. കരുതൽ തടങ്കൽ നടപ്പാക്കേണ്ടത് സംസ്ഥാന ചീഫ്സെക്രട്ടറിയാണ്. പ്രതികൾക്ക് കോഫേപോസ ബോർഡ്, ഹൈക്കോടതി എന്നിവിടങ്ങളിൽ അപ്പീൽ നൽകാം. സാമ്പത്തിക കുറ്റങ്ങളിലെ പ്രതികൾ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റംചെയ്യുന്നത് തടയാനാണ് കരുതൽ തടങ്കൽ.
കൊഫേപോസ ചുമത്തിയതോടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജൻസികളുടെ കേസിൽ ജാമ്യം ലഭിച്ചാലും സ്വപ്‌നയ്ക്കും സന്ദീപിനും ജയിൽ മോചിതരാകാനാവില്ല. അല്ലെങ്കിൽ ഇവർക്കെതിരെ ചുമത്തിയ കരുതൽ തടങ്കൽ കൊഫേപോസ ബോർഡോ ഹൈക്കോടതിയോ റദ്ദാക്കണം. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ ചില പ്രതികൾക്കെതിരെ കൊഫേപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
അതിനിടെ, യു.എ.ഇ കോൺസുലേറ്റിന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സ്വപ്‌ന 1.90 ലക്ഷം ഡോളർ ( ഏകദേശം 1.4 കോടി രൂപ ) വിദേശത്തേക്ക് കടത്തിയതായി കസ്‌റ്റംസ് കണ്ടെത്തി. ഇത് ലൈഫ് മിഷൻ ഇടപാടിലെ കമ്മിഷൻ തുകയാണോ എന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്വപ്‌നയെ കാക്കനാട് ജില്ലാ ജയിലിൽ ഇന്നലെ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യംചെയ്‌തത്. അനധികൃതമായി വിദേശകറൻസി കടത്തിയതിന് സ്വപ്നയ്‌ക്കെതിരെ പുതിയ കേസ് രജിസ്‌റ്റർ ചെയ്യും.
ലൈഫ് മിഷൻ ഇടപാടിൽ 3. 60 കോടി രൂപ ഡോളറാക്കി യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ യു.എ.ഇ കോൺസുലേറ്റിലെ ചീഫ് അക്കൗണ്ടന്റായ ഇൗജിപ്‌ഷ്യൻ സ്വദേശി ഖാലിദിന് കൈമാറിയിരുന്നു. ഈ പണത്തിന്റെ ഭാഗമാണോ സ്വപ്‌ന കടത്തിയതെന്നും പരിശോധിക്കുന്നുണ്ട്.
സ്വപ്നയ്ക്കായി ശിവശങ്കറിന്റേത് വഴിവിട്ട ഇടപെടൽ
 ഉദ്യോഗസ്ഥർക്ക് നിർദേശം വാക്കാൽ മാത്രം
 വ്യക്തമായ തെളിവുകളില്ലെന്ന് കസ്‌റ്റംസ്
 രണ്ടുദിവസമായി 23 മണിക്കൂർ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു
 ചൊവ്വാഴ്ച വീണ്ടും കസ്‌റ്റംസ് മുമ്പാകെ ഹാജരാകണം
കൊച്ചി: സ്വപ്നയുമായി ഉദ്യോഗതലത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ വഴിവിട്ട നിരവധി നീക്കങ്ങൾ നടത്തിയതായി കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം വെളിപ്പെടുത്തി. പലരോടും വാക്കാൽ നൽകിയ നിർദേശങ്ങൾക്ക് വ്യക്തമായ തെളിവുകളില്ല. ചില ചോദ്യങ്ങൾക്ക് നോ കമന്റ്സെന്നാണ് മറുപടി. അതിനാൽ വ്യക്തമായ മറുപടിയും തെളിവുകളുണ്ടെങ്കിൽ ഹാജരാക്കാനുമായി ചൊവ്വാഴ്ച ഹാജരാകാനായി നിർദേശിച്ച് തുടർച്ചയായ രണ്ടു ദിവസമായുള്ള 23 മണിക്കൂർ ചോദ്യംചെയ്യലിനൊടുവിൽ ശിവശങ്കറിനെ വിട്ടയച്ചു.
യു.എ.ഇ കോൺസുലേറ്റ് വഴി എത്തിയ 17,000 കിലോ ഈന്തപ്പഴം പുറത്തുവിതരണം ചെയ്തത് സ്വപ്നയുടെ താത്പര്യപ്രകാരമായിരുന്നു. ഇതിനായി അന്നത്തെ സാമ്യഹ്യക്ഷേമനീതി വകുപ്പ് സെക്രട്ടറി ടി.വി.അനുപമയ്ക്ക് ശിവശങ്കർ നിർദ്ദേശം നൽകിയതും വാക്കാൽ മാത്രമായിരുന്നു. ഈ പരിപാടി സർക്കാരിന്റെ നേതൃത്വത്തിലാക്കിയത് ശിവശങ്കറിന്റെ ഇടപെടലാണ്. ഇൗന്തപ്പഴം വിതരണവുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റുമായി കത്തിടപാടുകളോ ആശയവിനിമയമോ നടന്നിട്ടില്ലെന്ന് ഇന്നലത്തെ ചോദ്യംചെയ്യലിൽ കസ്റ്റംസിനോട് ശിവശങ്കർ പറഞ്ഞു. ഇന്നലെ പന്ത്രണ്ട് മണിക്കൂർ ചോദ്യംചെയ്യലിന് ശേഷം രാത്രി പത്തുമണിയോടെയാണ് വിട്ടയച്ചത്. നേരത്തെ രണ്ട് തവണകളിലായി 17 മണിക്കൂർ കസ്‌റ്റംസ് ചോദ്യംചെയ്തിരുന്നു.