 
കരുമാല്ലൂർ: ശക്തമായ തുലാവർഷ മഴയിൽ വെളിയത്തുനാട്ടിൽ വാഴ കൃഷി വെള്ളത്തിലായി. തുടർച്ചയായ മൂന്നാം വർഷമാണ് കർഷകർ ദുരിതത്തിലാവുന്നത്. കൃഷി ഇറക്കി ആദ്യ വളപ്രയോഗം കഴിഞ്ഞിരിക്കുന്ന സമയത്താണ് വീണ്ടും ഇരുട്ടടി പോലെ തുലാവർഷം ചതിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് പഞ്ചായത്ത് കാനകൾ നിർമ്മിച്ചെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല. ഇത്തരത്തിൽ ഒറ്റപ്പെട്ട പ്രകൃതിദുരന്തങ്ങൾക്ക് സർക്കാർ സഹായങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ വൻനഷ്ടമാണ് കർഷകർക്ക് നേരിടേണ്ടി വരുന്നത്. പലരും പരമ്പരാഗതമായി കാർഷികവൃത്തിയിലൂടെ ജീവിക്കുന്നവരാണ്. വെളിയത്തുനാട്ടിലെ വെളളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി പഞ്ചായത്തും കൃഷിഭവനും അടിയന്തിരമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.