nursing

കൊച്ചി: ഇരുപത്തിനാല് മണിക്കൂർ തുടർച്ചയായി ജോലിചെയ്താലും സാമൂഹ്യനീതിവകുപ്പിന് കീഴിലെ ഓൾഡ് ഏജ് ഹോം ജീവനക്കാർക്ക് ശമ്പളമില്ല. എറണാകുളത്തെ ഓൾഡ് ഏജ് ഹോമിൽ രണ്ട് നഴ്സുമാർ ഉൾപ്പെടെ 5 പേരാണ് മൾട്ടിടാസ്ക് കെയർ പ്രൊവൈഡർമാർ എന്നപേരിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. കൊവിഡ് കാലമായതിനാൽ നഴ്സുമാർ ഓരോരുത്തരും 14 ദിവസം തുടർച്ചയായി ജോലിചെയ്യണം. ഒരാൾ 14 ദിവസം പൂർത്തിയാക്കിയാൽ അടുത്ത 14 ദിവസം ഹോം ക്വറന്റയിനിൽ പ്രവേശിക്കണം. ഫലത്തിൽ ഒരുസമയം ഒരു നഴ്സ് മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. ഇവർ 24 മണിക്കൂറും തുടർച്ചയായി സേവനം അനുഷ്ഠിക്കേണ്ടിവരും. ആകെയുള്ള 47 അന്തേവാസികളിൽ അധികവും 70 വയസിന് മുകളിൽ പ്രായമുള്ളവരാണ്. പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഇത്രയും പേരെ ഒറ്റയ്ക്ക് പരിചരിക്കാൻ വിശ്രമമില്ലാതെ ജോലി ചെയ്യണം. അതിനിടെ കൂലിയെക്കുറിച്ച് ചോദിച്ചാൽ രാജിവച്ച് പോകാനാണ് അധികൃതരുടെ പ്രതികരണം. ജോലിഭാരത്തിനൊപ്പം വേതനമില്ലാത്തതിന്റെ പ്രതിസന്ധി ജീവനക്കാരെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയാണ്. നേരത്തെ മാസശമ്പളത്തിന് കരാർ നിയമനമായിരുന്നുവെങ്കിൽ കഴിഞ്ഞ ജൂലായ് മുതൽ ദിവസവേതന അടിസ്ഥാനത്തിലാണ് ജോലി. പുതുക്കിയ സംവിധാനത്തിൽ ഇതുവരെ ശമ്പളം കിട്ടാത്തതുകൊണ്ട് ദിവസവേതനം എത്രയെന്നുപോലും ഇവർക്കറിയില്ല.