vengola-road
നിർദ്ദിഷ്ട റോഡ് കടന്നു പോകുന്ന സ്ഥലം

പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ ജനങ്ങൾക്ക് പ്രയോജനമാകുന്ന കുറുങ്ങാട്ടുമോളം പാനായിപ്പടി പുതുപ്പാറ ടെംപിൾ റോഡിന്റെ നിർമ്മാണത്തിനായി ആദ്യ ഘട്ട 50 ലക്ഷം രൂപ അനുവദിച്ചു. 1.50 കോടി രൂപയാണ് പദ്ധതിക്കായി ആകെ വേണ്ടി വരുന്നത്. കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.

കുറുങ്ങാട്ടുമോളം ഈച്ചരൻ കവല റോഡിൽ പാനായിപ്പടി ഭാഗത്ത് നിന്നാണ് റോഡ് പുതിയതായി നിർമ്മിക്കുന്നത്. 500 മീറ്റർ നീളത്തിൽ 6 മീറ്റർ വീതിയിൽ ഇരു വശങ്ങളും കെട്ടി മണ്ണ് ഇട്ട് റോഡ് മേപ്രത്തുപടി ഈച്ചരൻ കവല റോഡിലേക്ക് ചേർക്കും. ഇതിനിടയിൽ പോകുന്ന തോടുകൾക്ക് കുറുകെ 6 മീറ്റർ വീതിയിൽ രണ്ട് പാലങ്ങളും നിർമ്മിക്കേണ്ടി വരും. പാലായിക്കുന്ന്, കുറുങ്ങാട്ടുമോളം, ശാലേം ഭാഗത്തുള്ള മുന്നൂറോളം കുടുംബങ്ങൾക്ക് പുതിയ റോഡ് ഗുണം ചെയ്യും.

പതിനാറോളം സ്വകാര്യ വ്യക്തികൾ അവരുടെ സ്ഥലം സൗജന്യമായി വിട്ടു നൽകിയാണ് റോഡ് നിർമ്മിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കിയത്. പുതുപ്പാറ ക്ഷേത്രം ഭരണ സമിതി അംഗങ്ങളും പ്രദേശ വാസികളും മുൻകൈ എടുത്താണ് സ്ഥലം വിട്ടു നൽകിയത്. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. എറണാകുളം ജില്ല പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല. മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ചു ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.