prathi1

വൈപ്പിൻ : കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെക്കൂടി അറസ്റ്റുചെയ്തു. അയ്യമ്പിള്ളി മംഗലപ്പിള്ളി മനു നവീൻ (24), ചെറായി അല്ലപറമ്പിൽ കെവിൻ കൃഷ്ണ (19), അയ്യമ്പിള്ളി ആലിങ്കൽ വിവേക് ( 24) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവർ ഏഴുപേരായി.

കഴിഞ്ഞ 22 ന് പുലർച്ചെയാണ് കല്ലുമടത്തിൽ പ്രണവിനെ ബീച്ച് റോഡിൽ വെച്ച് സംഘം അടിച്ചുകൊലപ്പെടുത്തിയത്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി കെ കാർത്തികിന്റെ നിർദേശാനുസരണം പ്രത്യേകസംഘം രൂപീകരിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂർ മുസിരിസ് ഭാഗത്തുനിന്ന് പ്രതികൾ പിടിയിലായത്. ഡി വൈ.എസ്.പി ജി. വേണു , ഇൻസ്‌പെക്ടർ എം.കെ. മുരളി, സി.പി.ഒമാരായ ജയദേവൻ, അഭിലാഷ്, രൂപേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.