ആലുവ: കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവ പച്ചക്കറി - മത്സ്യ മാർക്കറ്റുകൾ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ പൂർണമായി അടച്ചു. 13 -ാം തീയതി വരെ അണുനശീകരണത്തിന് അനുമതിയുണ്ട്.തുടർന്ന് ജില്ലാ കളക്ടർ നിർദ്ദേശിക്കുന്ന വിദഗ്ധ സംഘം മാർക്കറ്റ് സന്ദർശിച്ച ശേഷം മാത്രമായിരിക്കും തുറക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുവെന്ന് സി.ഐ എൻ.സുരേഷ് കുമാർ അറിയിച്ചു.ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാകം വെള്ളിയാഴ്ച്ച വൈകിട്ട് പൊലീസ് വിളിച്ചു ചേർത്ത നഗരസഭ ആരോഗ്യ വിഭാഗം, വ്യാപാരികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചത്. പൊലീസ് മാർക്കറ്റിന് മുൻവശം ദേശീയപാതയുടെ സമാന്തര റോഡിലെ വ്യാപാര സ്ഥപനങ്ങളും അടച്ചിടണമെന്ന് നിർദ്ദേശം നൽകി. ഇതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരം നടപടി സ്വീകരിച്ചാൽ തിങ്കളാഴ്ച്ച മുതൽ നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ് എന്നിവർ മുന്നറിയിപ്പ് നൽകി. തുടർന്ന് ഉന്നതരുമായി ബന്ധപ്പെട്ടാണ് പൊലീസ് അടച്ചിടൽ മാർക്കറ്റിൽ മാത്രമാക്കി ചുരുക്കിയത്.മാർക്കറ്റിലെ മൂന്ന് ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ മാർക്കറ്റിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കളക്ടർ അടച്ചിടുന്നതിന് പൊലീസിന് നിർദ്ദേശം നൽകിയത്.