kesavapothuvaal

തൃപ്പൂണിത്തു: പ്രശസ്ത കഥകളി ചെണ്ട വാദ്യകലാകാരൻ തൃപ്പൂണിത്തുറ അച്യുതമന്ദിരത്തിൽ കലാമണ്ഡലം കേശവപൊതുവാൾ (90) അന്തരിച്ചു. സംസ്കാരം ഇന്ന് തൃപ്പൂണിത്തുറയിൽ നടക്കും. കുറ്റിപ്പുറം മലമക്കാവിൽ അച്യുത പൊതുവാളിന്റേയും കോങ്ങാട്ടിൽ കുഞ്ഞിക്കുട്ടി പൊതുവാളസ്യാരുടേയും മകനായി 1931 മേയ് 15നായിരുന്നു ജനനം. തായമ്പക വിദ്വാനായിരുന്ന അച്ഛന്റെ കീഴിൽ നാലാംക്ലാസിൽ പഠിക്കുമ്പോഴേ ചെണ്ട അഭ്യസിച്ചുതുടങ്ങി. തുടർന്ന് തായമ്പകയിൽ അരങ്ങേറ്റം കുറിച്ചു. കാട്ടാമ്പല കൃഷ്ണൻകുട്ടി മാരാരുടെ കീഴിൽ പഞ്ചവാദ്യവും പഠിച്ചു. 15-ാം വയസിൽ അരങ്ങേറ്റം നടത്തി. 1957ൽ കലാമണ്ഡലത്തിൽ കഥകളിച്ചെണ്ട പഠിച്ചശേഷം കണ്ണൂർ പറശിനിക്കടവ് മുത്തപ്പൻ കഥകളി യോഗത്തിൽ കഥകളിച്ചെണ്ട വിഭാഗത്തിൽ പ്രവർത്തിച്ചു.1963ൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ കഥകളിച്ചെണ്ട അദ്ധ്യാപകനായി എത്തിയതോടെ തൃപ്പൂണിത്തുറയിൽ സ്ഥിരതാമസമാക്കി.

കഥകളി ആചാര്യന്മാരായിരുന്ന കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി, വാഴേങ്കട കുഞ്ചുനായർ തുടങ്ങിയവരോടൊപ്പം നിരവധി കളിയരങ്ങുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കേരള സംഗീതനാടക അക്കാഡമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, തൃപ്പൂണിത്തുറ പൂർണത്രയീശ പുരസ്കാരം, കലാമണ്ഡലം കൃഷ്ണൻനായർ സുവർണ ജൂബിലി പുരസ്കാരം, മേളാചാര്യ പുരസ്കാരം, ഇരിങ്ങാലക്കുട കഥകളി ക്ലബ് പുരസ്കാരം, ഉണ്ണായിവാര്യർ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: രാധ പൊതുവാളസ്യാർ. മക്കൾ: ചിത്ര, മദ്ദളവിദ്വാൻ പരേതനായ കലാമണ്ഡലം ശശി.

മരുമക്കൾ: രാജൻ, ജിഷ.