കൊച്ചി :തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ അടുത്ത അദ്ധ്യയനവർഷം മുതൽ പ്രൊസ്‌പെക്ടസിൽ പറയുന്ന വ്യവസ്ഥകൾ അതേപടി പാലിച്ചു പ്രവേശനം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിലവിലെ വിജ്ഞാപനത്തിലും പ്രവേശനനടപടികളിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾബഞ്ചിന്റെ നിർദേശം. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കുമെന്നാണ് പ്രൊസ്പെക്ടസിൽ പറയുന്നതെങ്കിലും ഇന്റർവ്യൂ നടത്താതെയാണ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി ഒരു വിദ്യാർത്ഥിനി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം.

40 സീറ്റുകളുള്ള ബി.എഫ്.എ കോഴ്സിലേക്ക് 320 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇത്രയും പേർക്ക് ഇന്റർവ്യൂ നടത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ പ്രവേശന പരീക്ഷനടത്തി 80 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇന്റർവ്യൂ നടത്തുകയാണ് ചെയ്തതെന്ന് അധികൃതർ വിശദീകരിച്ചു. ഇത്രയും പേരുടെ ഇന്റർവ്യൂ നടത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയും സമ്മതിച്ചു. തുടർന്നാണ് പ്രായോഗികമായ നടപടിക്കനുസരിച്ച് പ്രൊസ്പെക്ടസിൽ മാറ്റംവരുത്താനും ഇതനുസരിച്ച് പ്രവേശനം നടത്താനും ഹൈക്കോടതി നിർദേശിച്ചത്. ഹർജിക്കാരിയുടെ റാങ്ക് വളരെ പിന്നിലായതിനാൽ ഇവർക്കുവേണ്ടി പ്രവേശന നടപടികൾ തടസപ്പെടുത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹർജിയിലെ ആവശ്യത്തിൽ ഇടപെട്ടില്ല.